വരൂ….
ഗേറ്റുതുറന്നു ഉമ്മറത്തേയ്ക്കുകയറിയപ്പോൾ വാതിൽ മലർക്കെത്തുറന്നവൾ എന്നെ അകത്തേക്കാനയിച്ചു. ആദ്യമായി കാണുന്നതിന്റെ അപരിചിതത്വം അലിയിച്ചുകളയുന്ന തരത്തിലുള്ള പെരുമാറ്റം!
അകത്തേയ്ക്കുകയറി സ്വീകരണമുറിയിലെ സോഫയിൽ ഇരുന്നപ്പോൾ തൊട്ടെതിരിലുള്ള സെറ്റിയിൽ ഒട്ടും സങ്കോചമില്ലാതെ അവളും ഇരുന്നു.
എങ്ങനെയാണ് തുടങ്ങേണ്ടത് എന്നൊരു ആശങ്കയിൽ ഞാനുഴറി. ഇടയിൽ തിടംവയ്ക്കുന്ന മൗനത്തെ ആട്ടിയോടിച്ചുകൊണ്ടവൾ ചോദിച്ചു, എന്താണ് കുടിക്കാനെടുക്കേണ്ടത്….?
അകത്തെക്കുകയറുമ്പോൾ തോന്നിയ ആത്മവിശ്വാസം പതിയെചോർന്ന് തൊണ്ടവരണ്ടുതുടങ്ങിയ ഞാൻ ഇടറിയസ്വരത്തിൽ പറഞ്ഞു, തണുത്തതെന്തെങ്കിലും മതി.

ഒരുമിനിറ്റ്, ദാ വന്നു. നേരിയ ചിരിയോടെ അവൾ അകത്തേക്കുനടന്നു. തിരികെ വന്നത് തണുപ്പിച്ച രണ്ടു ബിയർ ടിന്നുകളുമായാണ്. ഒരു ടിൻ പൊട്ടിച്ച് എനിക്കു നീട്ടി, മറ്റൊരെണ്ണം പൊട്ടിച്ച് സിപ് ചെയ്തുകൊണ്ട് അവൾ വീണ്ടും എനിക്കെതിരെ ഇരുന്നു.
a/c യുടെ കുളിര്മയിലും എന്റെ ഉള്ളംകൈ വിയർക്കുന്നുണ്ടായിരുന്നു. സംസാരിക്കാൻ ഒരു വിഷയത്തിനുവേണ്ടി ഞാൻ പരതി. ഈ നശിച്ച അപകർഷബോധം എന്നെ എന്നും പിൻനിരയിലേക്ക് തള്ളിവിടുന്നു.
കൈയിലെ ബിയർ ക്യാനിൽനിന്ന് വീണ്ടും അല്പം നുണഞ്ഞുകൊണ്ടവൾ എന്നെ ഓർമ്മിപ്പിച്ചു. കഴിക്കൂ. ഒരുകവിൾ വായിലാക്കിയ ഞാൻ അതിറക്കാൻ പാടുപെട്ടു. തീർത്തും അപരിചിതമായ രുചി നെറ്റിതടത്തിൽ ചുളിവുകൾവീഴ്ത്തിയത് ശ്രദ്ധിച്ചുകൊണ്ടവൾ ചോദിച്ചു. ബിയർ ഇഷ്ടമല്ലേ?
ഞാനൊന്നും മിണ്ടിയില്ല. ഞങ്ങളുടെ കണ്ണുകൾ പരസ്പരം കൂട്ടിമുട്ടിയപ്പോൾ ഞാൻ നോട്ടം ചുവരിലേക്ക് മാറ്റി.

സോറി, സോറി, ഞാൻ ചോദിക്കാൻ വിട്ടുപോയതിന് ക്ഷമിക്കണം. വേറെന്താണ് കുടിക്കാനെടുക്കേണ്ടത്?
ഒന്നും വേണ്ട. എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽമതിയെന്നായിരുന്നു മനസ്സിൽ. മനു വളരെ അൺകംഫർട് ആയിതോന്നുന്നു. ഈസി മാൻ. ഞാൻ ഇത്രയൊക്കെ സംസാരിച്ചിട്ടും ചുരുങ്ങിയ വാക്കുകളിൽ മറുപടിപറഞ്ഞതല്ലാതെ ഒന്നും ചോദിക്കുന്നില്ല, പറയുന്നില്ല.

രവിയങ്കിൾ എന്നോട് മനുവിനെക്കുറിച്ചു പറഞ്ഞിരുന്നു. വളരെ ഒതുങ്ങിയ പ്രകൃതമാണ്. അളന്നുതൂക്കിയെ സംസാരിക്കൂ എന്നെല്ലാം. അതിരിക്കട്ടെ, അങ്കിളിനെ എങ്ങനെയാണ് പരിചയം? എന്തായാലും താങ്കൾ ഇടിച്ചുകയറി പരിചയപ്പെട്ടതാവാൻ സാധ്യതയില്ല, അദ്ദേഹത്തിന്റെ സ്വഭാവത്തിന് എന്തെങ്കിലും പ്രത്യേകതയില്ലാത്ത ഒരാൾ ആ ദൃഷ്ടിയിൽപ്പെടുകയുമില്ല. എന്തോ, എനിക്ക് അത്ഭുതംതോന്നുന്നു.
അങ്കിളിനെ പരിചയപ്പെട്ടത് ഒരു എക്സിബിഷനിൽവച്ചാണ്. എന്റെ ചിത്രങ്ങൾ ഇവിടെ ടൌൺഹാളിൽ പ്രദർശിപ്പിച്ചിരുന്നു. നല്ലൊരു ചിത്രകാരനാണ് അദ്ദേഹം. ബിസിനസ് തിരക്കുകൾമൂലം വരയ്ക്കാൻ സമയംകിട്ടാറില്ലെന്നുപറഞ്ഞാണ് പരിചയപ്പെട്ടത്.
ആഹാ, അതുപറയൂ….

ഞാൻ ഒരല്പം ധൈര്യം സംഭരിച്ച് അവളെനോക്കി. വീണ്ടും നോട്ടങ്ങൾ ഇടഞ്ഞപ്പോൾ എന്റെ കണ്ണുകൾ വഴുതി. എങ്കിലും വന്ന കാര്യം അവതരിപ്പിക്കണമല്ലോ എന്നോർത്ത് ഞാൻ പറഞ്ഞു, ഒരു തനി നാട്ടിൻപുറത്തുകാരനാണ് ഞാൻ. എത്രയൊക്കെ എന്റെ പുറന്തോട് പൊട്ടിക്കാൻ ശ്രമിച്ചാലും വീണ്ടും അപകർഷം എന്നെ തോല്പിക്കും.
അച്ഛനെ ഞാൻ കണ്ടിട്ടില്ല. ‘അമ്മ വീട്ടിലെ പണികളെല്ലാം ചെയ്ത് , ആരുടെയും കൺവെട്ടത്തധികംവരാതെ ഒതുങ്ങികൂടും. കൂട്ടുകുടുംബമായിരുന്നു ഞങ്ങളുടേത്. വീട്ടിലെ മറ്റംഗങ്ങളുടെ, അവർ എന്നെക്കാൾ മുതിർന്നവരാണെങ്കിലും ഇളയ താണെങ്കിലും മുന്നിൽപെട്ടാലെന്നെ കളിയാക്കിയും അപമാനിച്ചും രസിക്കുമായിരുന്നു. അതായിരിക്കാം എന്റെ വ്യക്തിത്വവികസനത്തിലെ ഈ താളപ്പിഴ!
അമ്മയുടെ മൂത്ത സഹോദരനാണ് വീട്ടിലെ കാര്യങ്ങൾ നിശ്ചയിക്കുന്നതും നടപ്പാക്കുന്നതും. വീട്ടിലെ വിവാഹംകഴിഞ്ഞ സ്ത്രീകളെ ഭർതൃവീട്ടിൽ താമസിക്കുന്നത് അദ്ദേഹം വിലക്കിയിരുന്നു. അമ്മയുടെ സഹോദരിമാരെല്ലാം ഭർത്താക്കന്മാരായി തറവാട്ടിൽത്തന്നെ താമസിച്ചു.

വിവാഹംകഴിച്ച പെണ്ണ് ജീവിക്കേണ്ടത് അവളുടെ ഭർത്താവിനൊപ്പമായതിനാൽ അമ്മയെ അച്ഛന്റെ ജോലിസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോകാൻ സമ്മതിക്കണമെന്നുമുള്ള ആവശ്യം നിരസിച്ച അദ്ദേഹവുമായി പിണങ്ങി അച്ഛൻ പോകുമ്പോൾ അമ്മയുടെ ഗർഭത്തിൽ എനിക്ക് മൂന്നുമാസത്തെ വളർച്ചയെത്തിയിരുന്നു.
പിന്നെ അദ്ദേഹം നിങ്ങളെ കാണാൻവന്നില്ലേ? അവൾ ഇടക്കുകയറി ചോദിച്ചു.
ഇല്ല. അച്ഛൻ ഇനിയൊരിക്കലും മടങ്ങിവരരുതെന്നത് അമ്മാവന്റെ ആവശ്യമായിരുന്നു. അയാൾ അമ്മമ്മയുടെ മകനല്ല. മുത്തച്ഛന് വേറൊരു ബന്ധത്തിൽ ജനിച്ച അയാളെ തനിക്ക് വേറെ ആൺകുട്ടികളില്ലാത്തതിനാൽ അമ്മമ്മ സ്വന്തംമോനെപ്പോലെ വളർത്തി. പ്രസവത്തോടെ തളർവാതംപിടിപെട്ട് കിടപ്പിലായ അയാളുടെ അമ്മയെ ശുശ്രൂഷിച്ചതും അമ്മമ്മയായിരുന്നു.

ഒരേവീട്ടിലാണ് വളർന്നതെങ്കിലും അയാൾ എന്റെ അമ്മയെയും സഹോദരിമാരെയും സഹോദരസ്ഥാനത്തല്ല കണ്ടത്. അയാളുടെ ഇംഗിതങ്ങൾക്ക് വഴങ്ങാത്തവർ അയാളുടെ ശത്രുക്കളായി. തന്റെ വരുതിയിലുള്ളവർക്കാണ് അയാൾ സഹോദരിമാരെ വിവാഹംചെയ്തുകൊടുത്തത്.
‘അമ്മ ഏറ്റവും ഒടുവിലത്തെ മകളായിരുന്നു. അതുകൊണ്ടുതന്നെ അമ്മമ്മയുടെ വാത്സല്യഭാജനവും.
തിരിച്ചറിവെത്തിയ പ്രായംമുതൽ അമ്മ അമ്മാവന്റെ കൺവെട്ടത്തുനിന്ന് അകന്നുനടന്നു. അയാൾകൊണ്ടുവന്ന വിവാഹാലോചനകൾ നിരസിച്ചത് ശത്രുതയുടെ ആഴംകൂട്ടി.

കഥയൊന്നും അമ്മമ്മയ്ക്കും അറിയില്ലായിരുന്നു. അവർക്ക് മനപ്രയാസമായാലോ, ഈ വൃത്തികേട് നാലാളറിഞ്ഞാലോ എന്നീ വിചാരങ്ങൾകൊണ്ടാകാം എല്ലാരും എല്ലാം സഹിച്ചത്. അച്ഛന്റെ ആലോചന വന്നപ്പോൾ അത് മുടക്കാനും നടത്താതിരിക്കാനും അമ്മാവൻ ആവുന്നത്ര ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
മനഃപൂർവ്വം സൃഷ്ടിച്ചെടുത്ത സാഹചര്യത്തിൽ അച്ഛന്റെ മനസ്സിൽ സംശയത്തിന്റെ തീപകരുന്നതിൽ അയാൾ വിജയിച്ചു. അത് ആളിക്കത്തിക്കാൻ വേണ്ടതെല്ലാം അയാൾ നിരന്തരംചെയ്തുകൊണ്ടിരുന്നു. അങ്ങനെ ഒരിക്കലും തമ്മിൽച്ചേരാത്തവിധം അച്ഛനെ അയാൾ അമ്മയിൽനിന്നകറ്റി.
ഓഹ്…ഗോഡ്….! അവൾ
അവിശ്വസനീയതയോടെ എന്നെനോക്കി.
എന്റെ പത്താംക്ലാസ് പരീക്ഷ കഴിഞ്ഞ അവധിക്കാലത്താണ് അമ്മമ്മ മരിച്ചത്. പിന്നീടയാൾക്ക് ആരെയും പേടിക്കാനില്ലായിരുന്നു. മാനവും ജീവനും നഷ്ടപ്പെടും എന്ന അവസ്ഥയിൽ അമ്മ എന്റെ കൈയുംപിടിച്ച് ആ വീട്ടിൽനിന്നിറങ്ങി, അല്ല, രാത്രിയുടെ മറപറ്റി ഞങ്ങൾ ഒളിച്ചോടി.

അമ്മയുടെപക്കൽ ആകെയുണ്ടായിരുന്നത് അച്ഛൻ അണിയിച്ച താലിമാലമാത്രമായിരുന്നു. ആ രാതി എങ്ങോട്ടെന്നറിയാത്ത യാത്രയിൽ എവിടേക്കെന്നറിയാതെ കള്ളവണ്ടികയറി ഞങ്ങൾ ഈ നഗരത്തിലെത്തി.
ഭാഷയറിയാത്ത നാട്ടിൽ രക്ഷകനായത് ഒരു വയസ്സൻ മാർവാഡിയായിരുന്നു. അയാളുടെയടുത്താണ് ഞങ്ങൾ മാലവിൽക്കാൻ ചെന്നത്.
മൂന്നു ദിവസമായി പച്ചവെള്ളംമാത്രമായിരുന്നു ആഹാരം. മാലയൂരി കൈയിൽപ്പിടിച്ച് മലയാളവും ഇംഗ്ലീഷും കൂട്ടിക്കലർത്തി സംസാരിക്കുന്നതിനിടയിൽ ക്ഷീണവും മാനസിക സംഘർഷവും എല്ലാംകൂടിയായപ്പോൾ അമ്മയുടെ ബോധംനഷ്ടപ്പെട്ടു.
വിശപ്പും നിസ്സഹായതയും ഭാഷ ആവശ്യമില്ലാത്ത വികാരങ്ങളാണ്!!!
അദ്ദേഹത്തിന്റെ ഷോപ്പിന്റെ പിറകിൽത്തന്നെയായിരുന്നു വീട്. ആകെ സംഭ്രമിച്ച ആ മനുഷ്യനും ഭാര്യയുംകൂടി അമ്മയെ താങ്ങിയെടുത്ത് അകത്തേയ്ക്ക് കൊണ്ടുപോയി.
എന്തുചെയ്യണമെന്നറിയാതെനിന്ന എന്നെയും ഒപ്പംവിളിച്ചു.

തലചായ്ക്കാൻ ഇടംമാത്രമല്ല, ‘അമ്മ അവർക്ക് ജനിക്കാതെപോയ മകളെപ്പോലെക്കരുതി ആ വൃദ്ധ ദമ്പതികൾ വാരിക്കോരി സ്നേഹവുംതന്നു. അവരെന്നെ പഠിപ്പിച്ചു. ഇന്നുകാണുന്ന ഈ നിലയിലേക്കെത്തിച്ചു. മോഹൻചന്ദ് എന്നാണ് അദ്ദേഹത്തിന്റെ പേര്.
സ്നേഹവും കരുതലും തന്നുവളർത്തിയ അവർക്ക് ഒരാഗ്രഹം. എന്റെ വിവാഹം കാണണം. അമ്മ നിർബന്ധിക്കുന്നു, അവരുടെ ആഗ്രഹം സാധിച്ചുകൊടുക്കേണ്ട ബാധ്യതയുണ്ടെന്ന് സദാ ഓർമ്മപ്പെടുത്തുന്നു.
പരിചയപ്പെട്ടത്തിനുശേഷം കഥയെല്ലാം അറിഞ്ഞപ്പോൾ സമയംകിട്ടുമ്പോഴെല്ലാം രവിയങ്കിൾ വീട്ടിൽ വരാറുണ്ട്. ‘അമ്മ അദ്ദേഹത്തോട് ഈ കാര്യംപറഞ്ഞു. എല്ലാരും ആഗ്രഹിക്കുന്നത് നടത്തിക്കൊടുക്കാനുള്ള ബാദ്ധ്യത എനിക്കുണ്ടെന്നും അതിന് അങ്കിൾ സഹായിക്കാമെന്നും അമ്മയ്ക്ക് വാക്കുകൊടുത്തു.
ഓകെ….ഇപ്പോൾ മനസ്സിലായി.

അവൾ ഒന്നിളകിയിരുന്നു.
അങ്ങനെയാണ് നിങ്ങൾ ഇവിടെ എത്തിയത്. എന്റെ കാര്യങ്ങൾ തീരുമാനിക്കാനും നടപ്പിലാക്കാനും എല്ലാം ഞാൻ മാത്രമേയുള്ളൂ.
വിദ്യാഭ്യാസംമുഴുവനും ബോർഡിംഗിലായിരുന്നു.അച്ഛനും അമ്മയ്ക്കും ബിസിനസും സാമൂഹികസേവനവും കഴിഞ്ഞു എന്നെ ശ്രദ്ധിക്കാൻ സമയമില്ലായിരുന്നു.
എപ്പോഴോ തമ്മിൽ സ്വരചേർച്ചയില്ലാതായപ്പോൾ അവർ വേർപിരിഞ്ഞു. അച്ഛനായിരുന്നു എന്റെ ഗാർഡിയൻ. ഒരു വലിയ ബിസിനസ് സാമ്രാജ്യംതന്നെ അദ്ദേഹം കെട്ടിപ്പടുത്തു.
അഞ്ചുകൊല്ലംമുൻപ് അച്ഛൻ ഒരു ആക്സിഡന്റിൽ മരിച്ചു. ഡിവോഴ്‌സിന്റെ സമയത്ത് വലിയൊരു സംഖ്യ കൈപ്പറ്റിയാണ് അമ്മ പിരിഞ്ഞുപോയത്.
അതിനുശേഷം അവർ ഒരിക്കൽപോലും എന്നെത്തിരക്കി വന്നിട്ടില്ല. ദോഷം പറയരുതല്ലോ, ഞാനും അവരെക്കുറിച്ചറിയാൻ ശ്രമിച്ചിട്ടില്ല.
അവൾ തുടർന്നു, ജന്മംതന്നതുകൊണ്ടുമാത്രം ആർക്കും അച്ഛനോ, അമ്മയോ ആകാനാകില്ല. ഞങ്ങളുടെ കസ്റ്റമറാണ് രവിയങ്കിൾ, അതിലുപരി പിതൃസഹജമായ വാത്സല്യം അദ്ദേഹത്തിനെന്നോടുണ്ട്. ഒരു വിവാഹത്തെപ്പറ്റി ചിന്തിച്ചുതുടങ്ങിയപ്പോൾ ആദ്യം ഷെയർ ചെയ്തതും അദ്ദേഹത്തോടാണ്.

അത്യാഗ്രഹങ്ങളൊന്നും ഇല്ല. എനിക്ക് ഒരമ്മയുടെ സ്നേഹം എന്താണെന്നറിഞ്ഞു ഒന്നു ജീവിക്കണം. പണംകൊടുത്തു നേടാൻ കഴിയാത്ത ആ അമൂല്യനിധി എനിക്കാരുറപ്പുതന്നാലും അതിനി നരകത്തിലായാലും ഞാൻ രണ്ടാമതൊന്നാലോചിക്കില്ല, എനിക്ക് അത്രയ്ക്കും കൊതിയാണെന്നു കൂട്ടിക്കോളൂ. അവളുടെ കണ്ണുകളിൽ നനവുപടർന്നു.
രവിയങ്കിളിന് എന്നെ വ്യക്തമായറിയാം. ക്ഷമിക്കണം, സുനൈന അങ്ങനെയല്ലേ പേര്?
അതേ…

അദ്ദേഹം ഒരാളെകുറിച്ചു പറയുമ്പോൾ തീർച്ചയായും അതത്രമാത്രം വിശ്വസിക്കാവുന്നതാവുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. എങ്കിലും ഞാനന്വേഷിച്ചറിഞ്ഞിടത്തോളം എന്നെക്കാൾ സാമ്പത്തികമായി എത്രയോ ഉയരത്തിൽനിൽക്കുന്ന നിങ്ങൾക്ക് എന്റെ സാഹചര്യങ്ങൾ ബോധിക്കുമോ? സംശയമാണ്. ഇതാണ് ഞാൻ, ഇങ്ങനെയൊക്കെയാണ് ഞാൻ.
കാണാൻ വരുന്ന ആളെക്കുറിച്ചും അമ്മയെക്കുറിച്ചുമെല്ലാം അങ്കിൾ എന്നോട് പറഞ്ഞിരുന്നു. മനുവിനെ എനിക്കിഷ്ടമായി. കേട്ടറിവുള്ളിടത്തോളം നിങ്ങളുടെ അമ്മയെയും. നിങ്ങൾക്കിടയിലേക്ക് എന്നെയും കൂട്ടുമെങ്കിൽ അതിൽപ്പരം ഏതു സ്വർഗ്ഗമാണ് എനിക്ക് പ്രതീക്ഷിക്കാനാകുക….?
തുറന്ന പെരുമാറ്റക്കാരിയായ ഈ തന്റേടിയെ എനിക്കും ബോധിച്ചു. ഞാൻ അങ്കിളിനെയും അമ്മയെയും അയയ്ക്കാം.

അയയ്ക്കൂ, ഞാൻ അക്ഷമയാണ്…!
ഞങ്ങൾരണ്ടുപേരും ഒപ്പം ചിരിച്ചു. അതുവരെയുള്ള പിരിമുറുക്കാമെല്ലാം അയഞ്ഞു എനിക്കെന്തെന്നില്ലാത്ത ലാഘവത്വം അനുഭവപ്പെട്ടു. യാത്രപറഞ്ഞു പിരിയുമ്പോൾ ഒരു നഷ്ടബോധം തോന്നിയോ? സാരമില്ല, തത്കാലത്തേക്കല്ലേ?!

ഉണ്ണി കെ ടി

By ivayana