രചന : തോമസ് കാവാലം. ✍
വെളിച്ചത്തു ചെയ്യുന്നതൊക്കെ ചെയ്യണം
വെളിച്ചം പോയ്മറഞ്ഞീടിലു, മോർക്കുക
വെളിച്ചത്തഴിഞ്ഞു വീഴുന്ന പൊയ്മുഖം
എളുപ്പത്തിലാർക്കും കണ്ടിടാം സോദരാ.
മറയത്തു ചെയ്യും വൃത്തികളൊക്കെയും
മറനീക്കിവന്നാലെത്രയോ ഭീകരം!
ഒളിച്ചു നാം ചെയ്യും കാര്യങ്ങളൊക്കെയും
വിളിച്ചുവരുത്തുന്നത്യാഹിതങ്ങളെ.
ജീവിതത്തിൽ നാം ചെയ്യുന്ന വൃത്തികൾ
ജീവനേകീടുമോ മരണ നേരത്തു
ഹൃദയം തൊടുന്ന വൃത്തികൾ മാത്രമാം
ഹൃദ്യമായീടുക മരണശേഷവും.
ഒപ്പമുണ്ടെന്നു നാം കരുതുമെങ്കിലും
ഒപ്പമില്ലാരുമെന്നുള്ളതു സത്യമാം
ഒപ്പമില്ലാരുമേ,യെങ്കിലുമോർക്കുക
ഒറ്റയല്ലാരുമീ ഭൂമിയിൽ സത്യമായ്.
ആയിരമാളുകൾ ചുറ്റിലുണ്ടെങ്കിലും
ആരുമേ യില്ലെന്നതോന്നലുണ്ടായിടാം
ആയിരമാളുകളുണ്ടെങ്കിലും,വൃഥ
ആരുമേ, യാരുമല്ലാത്തൊരു ജീവിതം.
എന്നും നാം ചെയ്യുന്നവൃത്തി കൾ പോലല്ലോ
ഇന്നുനാമീഭൂവിലായിത്തീർന്നിടുന്നു
തന്നിലേക്കുന്നമിട്ടെന്നും പണിയുവോർ
തന്നിഷ്ടകാരായി തീരിലെന്തൽത്ഭുതം.
വേരുറപ്പുള്ളൊരു മാമരമാകുവാൻ
വേരാഴം പോകണം ചില്ലവിരിയ്ക്കണം
നന്മയപരനുനൽകുവാനായി നാം
നല്ലാഴം പോകണം നന്മകൾ ചെയ്തു ഹ!.
ജീവിതകർമ്മത്തിലാർദ്രതയുണ്ടാവാൻ
ജീവനെചേർത്തുനിർത്തീടുക നിത്യവും
ശാന്തതയുള്ളൊരു മാനസ്സമുള്ളവൻ
ശാന്തമാക്കീടുന്നു സർവ്വവും ഭൂമിയിൽ.
ശാന്തത,സ്വായത്തമാക്കുകിൽ സർവ്വവും
ശാന്തമായീടുന്നു, സ്വർഗീയമാകുന്നു
ഉള്ളിൽ വെളിച്ചമുണ്ടെങ്കിലാ ശോഭയിൽ
കള്ളന്റെയുള്ളിനും നേർവഴി കാട്ടിടാം.

