പിറന്ന നാടിൻ അഭിമാനത്തിന്
പ്രിയവാദികളാമടിമകളേവരേം
പ്രേരിതധ്വനിയാലുണർത്തിയ
പാവനകാരുവും ബലിയാടായി.

പൂജനീയനായൊരു സഹനൻ
പാടിയുണർത്തും പ്രഭാസുധയാലെ
പ്രാപ്തമായൊരു സ്വാതന്ത്ര്യത്തേ
പ്രയോജനമാക്കും പതയാലുക്കൾ.

പെട്ടുപിഴച്ചു പരന്നധികാരത്താൽ
പ്രഭയുള്ളവരോ അടയാളങ്ങൾ
പുലിയായവരെ പിന്നോട്ടാക്കി
പാൽപ്പായസമെല്ലാമധമർക്കും.

പുഷ്പകമേറിയ പൂജ്യന്മാരെല്ലാം
പോരിമ കാട്ടാതാളായപ്പോൾ
പ്രമാദമായൊരാസ്ഥയെല്ലാം
പ്രശസ്തിയേറിയ പേരാകുന്നു.

പണ്ട് പഠിച്ചോരിതിഹാസങ്ങൾ
പകർന്നു തന്ന കഥകളെല്ലാം
പൊളിയാണെന്നതറിഞ്ഞോ
പ്രചരിപ്പിച്ചതു വെള്ളക്കാർ.

പെരുമ്പറ കൊട്ടിയച്ചടിയാക്കി
പരുവത്തിനു പംക്തികളെല്ലാം
പിരിക്കാനുള്ള തന്ത്രത്തിനെന്ന്
പൊരുളറിയേണം പരിവാരം .

പാദം നക്കിയ നാവുകളെല്ലാം
പരിചയിച്ച പകിടകളികൾ
പാർക്കുന്നിടമോർക്കാതെ
പ്രതിഫലത്തിന്നാശയുമായി.

പങ്കാളിത്തം പറ്റിപ്പെരുത്തോർ
പൈതൃകമെല്ലാം കുപ്പേൽ തള്ളി
പക്ഷത്തിനുയെതിരായൊറ്റി
പ്രമാണമെല്ലാം കത്തിച്ചന്ത്യം.

പ്രശ്നം വയ്പ്പിൻ ചിന്തയിലായി
പുളഞ്ഞു നീറിയ വിശേഷങ്ങൾ
പുകയാക്കിയ പ്രകൃതിയെല്ലാം
പതക്കേടാക്കിയ കുത്സിതർ.

പമ്പരവിഡ്ഢികൾ ആദരവാൽ
പേരെടുത്ത തലയാളുകളായി
പട്ടും വളയും വാങ്ങി വളഞ്ഞു
പടുതിരികത്തിയെരിഞ്ഞമർന്നു.

പമ്പകടന്നോർ ഇട്ടോരെച്ചിലെല്ലാം
പർവ്വതീകരിച്ചോരധരാമൃതമാക്കി
പുത്തരിയിൽകല്ലു കടിച്ചു കുടഞ്ഞു
പാഴുകളെല്ലാം അപായമായിട്ടുന്തി .

പൊണ്ണക്കാര്യമതേറെപ്പറഞ്ഞ്
പുലമ്പുന്നതു പച്ചക്കള്ളം തന്നെ
പൊളിച്ചെഴുതിയ പൊറോട്ടുകൾ
പൊതിഞ്ഞു വച്ചതു സത്യങ്ങൾ.

പൂശിയ ചായം ചുവരിലൊലിച്ചു
പ്രമേയമാക്കും അടരുകളായി
പ്രസാദമാക്കിയ പ്രവാഹമേറി
പ്രതീപമാക്കിയയവസ്ഥയായി.

പ്രവാസമേകിയ പ്രതാപത്താൽ
പ്രാകൃതമാക്കിയപൂർവ്വതകളേ
പ്രഹരമാക്കിയ പ്രചുരങ്ങൾ
പ്രദാനമെന്നോതിയോരല്പന്മാർ

പൊടിപ്പിടിച്ചിതാ പഴയ കുടീരം
പത്രമതേറി പഴുത്ത് പുഴുത്ത്
പതിരുകളെല്ലാം അസ്തമിക്കേ
പ്രാണനായതു തിരിച്ചണയേണം.

പുല്ലു പോലെ തഴഞ്ഞ് തഴഞ്ഞ്
പുഴക്കുത്തുകളേ ഓടിക്കുക വേഗം
പൂച്ച് തെളിച്ചവ ഭൂഷണമാക്കവേ
പാവനകാരുവിന്നറിവു പടർത്തുക.

By ivayana

Leave a Reply

Your email address will not be published. Required fields are marked *