കാലത്തിന്റെ ഒച്ചയായി
ഞാനൊരു കവിതയെ പറഞ്ഞയക്കുന്നു.
കവിത കടലായ്
തിരയായ്
ലോകമനതീരങ്ങളെ തഴുകിയുണർത്തട്ടെ
കവിത കാറ്റായി
മനുഷ്യന്റെ കനവുകൾക്ക് താളമിടട്ടെ.
കവിത നക്ഷത്രമായി
രക്ഷകരുടെ വരവറിയിക്കട്ടെ
കവിത രക്തമായ്
ആസന്നമായ വിപ്ലവം പ്രഘോഷിക്കട്ടെ
കവിത മഴയായ്
മണ്ണിൽ ജീവന്റെ സ്പന്ദനമാകട്ടെ
കവിത തൂവാലയായ്
ഭൂമിയുടെ കണ്ണീരൊപ്പട്ടെ
കവിത ന്യായാധിപനായി
നീതിക്ക് വേണ്ടി നിലകൊള്ളട്ടെ
കവിത ചുവന്ന റോസപ്പൂവായി
പ്രണയത്തിന് കൂട്ടിരിക്കട്ടെ
കവിത സ്നേഹമായി
മനസ്സുകളെ ചേർത്തുനിർത്തട്ടെ
എന്നാൽ
പറക്കുംമുന്നേ,
ചിറകുകൾ മുളയ്ക്കുംമുന്നേ,
കാട്ടാളൻമാർ അമ്പെയ്തു കൊന്ന
എന്നിലെ പ്രതീക്ഷയുടെ
ആ കവിതയ്ക്ക്
ഇന്ന് മുഖമില്ല
മേനിയില്ല
ആത്മാവില്ല
ശൂന്യമായ ആ കവിതയോടൊപ്പം
ഞാനും നീയും സത്യവും
മരിച്ചു വീഴുന്നു
ഭൂമി എന്തിനോ വേണ്ടി
ഇരുട്ടിന്റെ അച്ചുതണ്ടിൽ
നിശബ്ദമായി കറങ്ങിക്കൊണ്ടിരിക്കുന്നു.

By ivayana