നീണ്ടു നിവർന്നു
കിടപ്പവളിങ്ങനെ,
നീരാട്ടിനാളുകൾ
തിടുക്കമായി,
മുല്ലയാൽ ചൂടിച്ച
പൂവില്ലയെങ്കിലും
തുമ്പമലർ കൊണ്ടു
താലികെട്ട്,
ഒന്നുരണ്ടാളുകൾ
ചാർത്തുന്നു തൊടുകുറി ,
മിണ്ടാതനങ്ങാതെ
കിടപ്പുണ്ടവൾ,
വെള്ളപട്ടാടകൾ
ഉടുപ്പിച്ചു കൊണ്ടവർ,
വിളക്കു കൊളുത്തുന്നു
ശിരസ്സു മേലെ ,
നാളികേരമുറി
രണ്ടായ് പിളർന്നിട്ട്
നെഞ്ചത്തു വെയ്ക്കുന്നു
ഒരാൺമുറിയെ
തലയ്ക്കാംപാട്ടിലൊരു
പെൺമുറി സങ്കല്പം
മക്കളായ് ആർത്തെരിയാൻ
വിതുമ്പിന്നിതേവം,
ചുറ്റിലുമുള്ള
ആളുകളൊക്കെയും
മഴയായ് തോരുന്നുണ്ടത്ര മാത്രം,
കരയാതെയൊരു മേഘം
ഉരുളുന്നുണ്ടപ്പോളും
മറ്റാരുമറിയാതെ
പെയ്തീടാനായ്,
സമയത്തിനാളുകൾ
വരുമെന്നൊരറിയിപ്പുകാർക്കായ്
മുഹൂർത്തമെപ്പോളെന്നു
പറയുന്നുണ്ടൊരാൾ.
ഒറ്റയ്ക്ക് വാവിട്ടു
തളർന്നൊരാ ഉണ്ണിയ്ക്ക്
ഇത്തിരി വെള്ളം കൊടുക്ക
വേണം.
വിശപ്പറിയിക്കാതെ
വളർത്തിയ കൈകൾ
മരിച്ചിട്ടുമാരോടോ
ചൊല്ലുന്നിതോ,
തല തല്ലി കരയല്ലെ മകളെ
നിനക്കൊരു കുഞ്ഞു പനി
വന്നാൽ അമ്മയ്ക്കുറക്കമുണ്ടോ,
താടിക്കു കൈ കൊടുത്തെന്തിനു
കരയുന്നു പ്രാണനെ,
ആണുങ്ങൾ
കരഞ്ഞാൽ സഹിക്കില്ല ഞാൻ,
എടുക്കാമെന്നോമന
കുരലാരം കേൾക്കുന്നു,
വരനതാ മന്ദമടുക്കയായ് ,
മാലയിൽ തിരുകിയ
മരണത്തിൻ പൂവിനെ
ചൂടിച്ച നിമിഷം ഹാ
ധന്യമായി,
തലയും കാലും ഉടലും
പിടിക്കുവാൻ
വാക്കുകൾ തിക്കും തിരക്കുമായി,
വിടില്ലെന്ന് മന്ത്രിച്ചു
പിന്നാലെ വന്നവർ
കുഴഞ്ഞങ്ങു വീഴുന്ന
കാഴ്ച മങ്ങി,
ആറടിമണ്ണിലേയ്ക്ക്
കെട്ടി കൊടുക്കുവാനാണല്ലോ
എനിക്കും നിനക്കും
മുൻവിധികൾ,
പോകുവാനല്ലെങ്കിൽ
വന്നതും നിന്നതും
കെട്ടിപിടിച്ചതും
മറ്റെന്തിനെന്നറിയാതെ
കിടപ്പു ഞാനും…..

By ivayana