രചന : രാജേഷ് കോടനാട് ✍
ഓലപ്പമ്പരം കറക്കിയോടുന്ന പ്രായത്തിൽ
എൻ്റെ അയൽവീട്
ചാത്തോത്തായിരുന്നു
കുറച്ചു കാലം
അതങ്ങനെത്തന്നെയായിരുന്നു
കശുമാങ്ങ പറിക്കാൻ
മരത്തിൽ കേറുന്ന
കാലത്തൊക്കെ
അയൽവീട് അടുത്ത് വന്ന്
“ചന്ദനത്തേതിൽ ” എന്നായി
പത്താം ക്ലാസ്സിലെ
പരീക്ഷാക്കാലത്ത്
അയൽ വീട്
ഒന്നു കൂടി അടുത്ത് വന്ന്
പേരുമാറി
ആറ്റുപുറത്തായി
പിന്നെയും പിന്നെയും
അയൽവീട്
അടുത്തടുത്ത് വന്ന്
പേരും രൂപവും
മാറിക്കൊണ്ടിരുന്നു
കൗസ്തുഭം
പാർപ്പിടം
തണൽ
സ്നേഹവീട്
എന്നിങ്ങനെ….
എങ്കിലും
അടുത്തടുത്ത് വരുന്ന
എൻ്റെ അയൽ വീട്ടിലേക്ക്
എൻ്റെ ഒച്ചകൾ
കേൾക്കാതായി
എൻ്റെ പാട്ടുകൾ
ഒഴുകാതെയായി
കുട്ടിമാളുവമ്മയിൽ നിന്ന്
ഭാനുവക്കയും
ഗോപാലേട്ടനും
ശാന്തേടത്തിയും
ഹൈദ്രുമാഷുമെല്ലാം
റിലേയായി
എൻ്റെ അയൽവാസികളായി
ഞാൻ വലുതായി
ജോലിക്കാരനായി
കല്യാണം കഴിച്ചു
മറ്റൊരു വീട് വെച്ചു
എൻ്റെ വീട്ടിൽ നിന്ന്
അയൽവീട്ടിലേക്കുള്ള ദൂരം
ഇല്ലാതായി
പക്ഷേ….
ഇൻ്റർനെറ്റ്
വീക്കായതു കൊണ്ട് മാത്രം
ഇന്നലെ
അയൽവാസി സുമേഷ്
മരിച്ചതറിയാതിരുന്നതിനാൽ
ഇന്ന് വൈകിട്ട്
“ആനന്ദ”ത്തിലേക്ക്
ഞാനൊരു
അനുശോചനക്കുറിപ്പ്
ഇമെയിൽ ചെയ്തു.

