രചന : ഷാ അലി ✍
ഒന്നുമില്ല…തോരാത്തൊരു മഴ
തോർന്നാലാശ്വസിക്കും പോലെ
നീ നിശ്വാസപ്പെടും..
ഏങ്ങിയേങ്ങിയൊരു മൂലയിൽ
തട്ടത്തിൻ തുമ്പാലെ മൂക്കുതുടച്ച്
തോരാതെ പെയ്യുന്നൊരുവളെ നോക്കി
എന്തിനിത്രയെന്നു നിസ്സംഗയാവും..
നീ തന്ന പുസ്തകങ്ങൾ
ചില്ലലമാരയിൽ കിടക്കുന്നതു
കാണുമ്പോൾ ഇയാളിതൊക്കെ
വായിച്ചിരുന്നോ എന്നു ചിറികോട്ടി
കർട്ടനൊന്നിൽ ചാരി
കൈകെട്ടി നിൽക്കും..
ഇടക്കൊന്നു പക്ഷെ
നിനക്കേറെ ഇഷ്ടമുള്ളോരാ
ചിത്രം വരച്ചു വെച്ച
ബിയറുകുപ്പിയിലൊരു നോട്ടം തട്ടിയിടറും
ഏഴെട്ടു കൊല്ലം പിന്നിൽചെന്നു വീഴും
ഫുഡ് ഫെസ്റ്റിവലിന്റെ
ആൾതിരക്കിനുള്ളിലൂടെ ഓടിയെത്തി
പിന്നിൽ നിന്നും പിച്ചിയ പാട്
ഇടതു കൈത്തണ്ടയിലിപ്പോഴും
കറുത്തു കിടപ്പുണ്ടെന്നു
ഞാനെപ്പോഴോ പറഞ്ഞതോർക്കും..
വെറുതേയെങ്കിലുമാ വെളുത്ത
‘മല്ലി’നുള്ളിൽ അടങ്ങിക്കിടക്കുന്ന
കൈകളെയൊന്നു നോക്കിപ്പോവും..
എന്തെ.. കണ്ടു കണ്ടിരിക്കെ..
ഓർമ്മ കൊണ്ടിരിക്കെ…
നേർത്തു നേർത്തൊരു ചിരി വരുന്നുണ്ടോ…? വേണ്ട…!
എടുക്കാൻ നേരം
“ഇനിയാരെങ്കിലും കാണാനുണ്ടോ..?”
എന്ന ചോദ്യത്തിൽ നീ
എന്തിനെന്നില്ലാതെ ഞെട്ടും..
ഉണ്ടെന്നു കുതിക്കും
പഞ്ഞി നിറച്ച, ചിരി മൂടിയ
വെള്ളമറ മാറ്റവെ..
ഇടം കൈ കാണണമെന്നു കെഞ്ചും…
പറ്റില്ലെന്ന വാശിക്കാരുടെ മുന്നിൽ
നീ അണപൊട്ടുന്നത് ഞാനറിയും
മുഖം കാണാൻ പോലും ആളില്ലാത്തവന്റെ
കൈ കാണാനെന്തു ഭ്രാന്തെന്ന്
പുതച്ചു കെട്ടിയവൻ അമർഷം കൊള്ളവേ..
എനിയ്ക്കു ചിരി വരും..
വാശിയുടെ കാര്യത്തിൽ
അവളേ ജയിക്കൂ എന്ന്..
പുതപ്പിന്റെ കെട്ടഴിയവേ ഞാൻ
നമ്മുടെ പാട്ടു മൂളും…
അവരുടെ വാശി തോറ്റമ്പുമ്പോ
പുതപ്പഴിഞ്ഞു ഞാനെന്റെ
അവസാനത്തെ തെന്നലിനെ തീണ്ടും..
അവസാനത്തെ മനുഷ്യന്റെ ചൂടറിയും,
നേർത്ത വിരലുകൾ
ഇഴഞ്ഞു മുറുകുന്നതറിയും,
ഒരു മുത്തം പാതി വഴിയിൽ
അറ്റു പോവുന്നത്
കൈത്തണ്ടയിൽ പൊള്ളും..
അങ്ങനെയങ്ങനെ
ഏങ്ങനെയകന്നാലും
ഞാൻ മരിക്കെ നീയിരിക്കും
നിൻ മൊഴി ഞാനറിയും…!!
_____________________ShaLy🎭
