രചന : അൻവർ ഷാ ഉമയനല്ലൂർ ✍
രമ്യമാം തിങ്കൾസ്മിതാനന്ദ ലഹരിയിൽ
നെഞ്ചിൽത്തുളുമ്പുന്നു മധുകാവ്യ കാലവും
ധനുമാസ രാവുപോലേറെയുണർവ്വുമായ്
വന്നണയുന്നിതാ പ്രിയദയാം കവിതയും.
നൈർമ്മല്യ കിരണങ്ങളുയരുന്നു താരകൾ
കൺചിമ്മിയിരു തരള ഹൃദയങ്ങളാകുന്നു
ശ്രീശിവ,പാർവ്വതിമാരിന്നതിരമ്യ സ്മരണയിൽ
മംഗല്യ വിഭൂഷിതരാകുന്നു.
കരളുകൾ കവിതയായൊഴുകുന്ന രജനിയിൽ
താലമേന്തുന്നഴകാർന്നതാം താരങ്ങൾ
കനക വസന്തമാണോരോ സ്മരണയും
കതിരുപോലേറെത്തളിരണിയുന്നതും.
കുളിർക്കാലമേ, നിന്റെ രമണീയമാം മുഖം
തിലകമല്പംമാഞ്ഞുപോയതിൻ സുസ്മിതം
പൂനിലാപ്പൂവിന്നഴകായി മാറുന്നു
ആതിരാനന്ദമേ,യതിലോല ഹൃദയവും.
പുണ്യനാളിൻ തിരു സ്മരണയുണരുന്നതാം
നാമ രവമായൊഴുകുന്നരുവികൾ
കളകളം പാടുന്നയോരോ കരളിലും
കുയിൽനാദമൊഴികിയെത്തുന്നാർദ്ര കവിതയും.
ഗ്രാമ്യ സുധാനന്ദ സുസ്മിതാരാമമായ്
ഉണരുന്നു രാഗാർദ്ര മലരു പോൽ ശലഭങ്ങൾ
കലാഹൃദയമാകയാലൊഴുകുന്നു കവിതകൾ
കസവു നൂൽകൊണ്ടുദയമേകുന്നു പുലരികൾ.
തീരാത്ത മോഹങ്ങളോരോ തുടിപ്പുമാ-
യുണരുന്നു തിരപോലെയുൾവലിയില്ലകം
പൂത്തിരുവാതിരയാകുന്നു പ്രിയദയും
പുലരിപോലുളളിൽത്തുടിക്കുന്നു കവിതയും.

