രചന : മഞ്ജുഷ മുരളി ✍
ചെമ്പുഴയ്ക്കക്കരെനിന്ന്
കരിമ്പാറക്കെട്ടി-
നടുത്തേയ്ക്കുവീണ്ടും
മോഹസ്വപ്നങ്ങളൊഴുകി-
യടുക്കുകയായിരുന്നു.
കവിതയുടെ തുടക്കം
അതായിരുന്നു
കുപ്പിവളക്കൈകൾ
ഓളങ്ങളെ തലോടുമ്പോൾ
വേനൽ,സന്ധ്യകൾക്ക് തുടക്കമിട്ടു.
മേഘശകലങ്ങൾ
കുങ്കുമപ്പൂക്കൾ
പുഴയിലേക്ക് വാരിവിതറി,
അനാഥസങ്കൽപങ്ങളെ
വലിച്ചെറിയാനാവാതെ..
വിദൂരതയിലേക്ക്
കണ്ണുംനട്ടിരിക്കുമ്പോൾ
പ്രപഞ്ചംമുഴങ്ങുമാറ്
ഒരുകാലൊച്ച!
നാശത്തിന്റെതുടക്കം
അതായിരുന്നു?
കറുത്ത ഭീകരസ്വപ്നങ്ങളും
തണുത്ത മോഹഭംഗങ്ങളും
പൊട്ടിച്ചിതറിയ കുപ്പിവളകളും
പിന്നെയൊരു നീലക്കിളിയുടെ
പാട്ടും മാത്രമേ
രാവിന്റെ തേങ്ങലുകളിൽ
അവശേഷിച്ചിരുന്നുള്ളൂ.
ദുർമരണങ്ങളുടെ
തുടക്കംകുറിച്ച പുഴ
അതായിരുന്നു,
പ്രഭാതമുണർന്നപ്പോൾ,
ഏതോ രണ്ടുകണ്ണുകൾ
സ്നേഹാർദ്രമായി..
സ്വപ്നവുംപേറി
എത്തിയപ്പോൾ
കവിത
പുഴയിൽ മുങ്ങിപ്പോയതും
നീലക്കിളിയുടെ
പാട്ടുനിലച്ചതും
ഒരുമിച്ചായിരുന്നു?
പുഴയിലെ ഓളങ്ങൾ
നിശ്ശബ്ദമേളമുതിര്‍ക്കവെ
കവിതയുടെ അന്ത്യവും
അതുതന്നെയായിരുന്നു!!
