രചന : വിനോദ്.വി.ദേവ്.✍️
അച്ഛൻ നിശാഗന്ധിയുടെ
തണലിൽനിന്ന്,
ഒരു നദികടന്ന് , മലകടന്ന്
പുറവേലിക്കരുകിലെ
ഇലഞ്ഞിയുംകടന്ന്
പാതിയിരുട്ടായും പാതിവെളിച്ചമായും
മൃഗമായും ദേവദൂതനായും
എന്നെ വിളിച്ചുണർത്തുന്നു.
പേടിയാണെനിയ്ക്കച്ഛാ
തിളച്ചയീമഴയ്ക്കുള്ളിൽ,
പെറ്റമാത്രയിൽ ചത്ത
കുഞ്ഞായിക്കിടക്കുവാൻ.,
ഇക്കല്ലിന്നഗാധതചുരത്തിയ
മഴപെയ്തു,
ഭൂമിയിൽ ജീവൻവച്ചു
പിറന്നകുഞ്ഞാണുഞാൻ.
മാതൃവല്ലരിയിന്നു കരിഞ്ഞുനിന്നെച്ചുറ്റി,
മാധുര്യംതുളുമ്പുന്ന മുലപ്പാൽ ചുരത്തുമ്പോൾ,
മന്നിലീനന്മപാനം ചെയ്തു ഞാനേകാന്തത –
യുണ്മയായ് കണ്ടുനിന്റെ
നന്മഴയ്ക്കിരന്നുപോയ്.
പുഴയായ് നീയെൻമുന്നിൽ
വന്നെന്റെ കരകളെ
പച്ചിച്ചമുത്തം നല്കി
വെളിച്ചം തെളിച്ചതും,
ശോകനാരായംകൊണ്ട്
പൊള്ളിയ നാവിൻതുമ്പിൽ,
കണ്ണുനീർമരുന്നിറ്റി
മുറിവുകരിച്ചതും
ശാന്തമാംപുഴപോലെ നിന്നെ ഞാൻ കാണുന്നേരം
വാക്കിൻഞൊടിയിൽനിന്നിൽ കടലുപെരുക്കുന്നു.
താത നീ പുണ്യലോകത്താഴിയായ് പടരുക,
നിൻ നാഴിത്തീമോന്തിയെന്നസ്ഥികൾ പിളരട്ടെ,
ഇരുളിൻമഴനീന്തി ജീവനെക്കനിഞ്ഞെന്റെ
വരണ്ടനാഡികളെയുണർത്തും പ്രകാശമായ്,
ഉപ്പിലും മധുരിയ്ക്കുമോർമ്മയായ്, മുറിവിനെ
വറ്റിച്ച ഗാഢാനന്ദസ്മൃതിയായ് നീ മാറുക.
എന്റെ രക്തത്തിൻതുളളിയുതിർന്ന വഴികളെ,
നിന്നിലെ കോപാഗ്നിയാൽ മായ്ച്ചുമായ്ച്ചൊടുക്കുക.

