രചന : പ്രസീദ ദേവു ✍️
ഭൂമിയും , ആകാശവും,
കാറ്റും,കടലും
കൈയ്യിലിട്ടമ്മാനമാടുന്നവൾ കവി,
പ്രണയവും ,വിരഹവും,
മരണവും ഇഴ കോർത്ത്,
ഭ്രാന്തു തുന്നുന്നവൾ കവി,
പ്രകൃതിയുടെ രസതന്ത്രവും,
ഉടലിൻ്റെ ജീവശാസ്ത്രവും,
ജീവിതത്തിൻ്റെ ഗണിതവും,
മാറ്റി കുറിക്കുന്നവൾ കവി,
പച്ച മനുഷ്യനെ
പച്ചയ്ക്ക്
കുറിക്കുന്നവൾ കവി,
ഭയമേതുമില്ലാതെ
വാക്കിനെ
അടയാളപ്പെടുത്തുന്നവൾ കവി,
ചുറ്റുമുള്ളതിനെ
എൻ്റെയെന്ന് ചേർത്തു
പിടിക്കുന്നവൾ കവി,
പ്രതിരോധിക്കുന്നവളും,
പോരാടുന്നവളും,
പ്രതികരിക്കുന്നവളും കവി,
കവിതയിലെ അനന്ത സാദ്ധ്യതകളെ
കുറിച്ച് ഗവേഷണം ചെയ്യാനുള്ള
അറിവോ പാടവമോ എനിക്കില്ല,
വൃത്തമോ ,ലക്ഷണമോ പ്രാസമോ
ചേർത്ത് എഴുതാനുള്ള മിടുക്കുമില്ല,
ആകെയുള്ളത് ലളിതമായ,
ജീവിതഗന്ധികളായ,
കുറച്ചക്ഷരങ്ങളാണ്,
പദ്യവും ഗദ്യവും ഇടകലർന്ന്
എഴുപതോളം കവിതകളാക്കി
നമ്മുടെ രണ്ടാമത്തെ കുഞ്ഞിൻ്റെ
ഒന്നാം പിറന്നാൾ
നാളെയാണ്,
എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവണം.
അവസാന ശ്വാസം വരേയ്ക്കും
മലയാള കവിതയോട്
നീതി പുലർത്തണമെന്നുണ്ട് ,
ഓരോ അണുവിലും അക്ഷരങ്ങളെ
പുണർന്നു കഴിയണമെന്നുണ്ട്,
ജീവനുതുല്യം എന്നെ സ്വന്തമായ് കണ്ട
പ്രിയപ്പെട്ടവരുടെ പ്രോത്സാഹനത്തിനാൽ
ഞാൻ കവിയെന്ന് അറിയപ്പെട്ടിരിക്കുന്നു.
ആ കവിത്വത്തെ നിലനിർത്താൻ
പ്രയത്നിച്ച് കൊണ്ടു തന്നെ
ഞാൻ തുടരും …
ഏവർക്കും നന്ദി🙏
സ്നേഹം🦋
എന്ന് സ്വന്തം 🍀 പ്രസീദ ദേവു🌹
