രചന : എം ബഷീർ ✍️
ആകാശം
നിങ്ങൾ പറയുന്നപോലെ
അത്ര അകലെയൊന്നുമല്ല
ഒറ്റയായവരുടെ
ഹൃദയത്തിലേക്ക് പടർന്ന് കിടക്കും
അതിന്റെ ചില്ലകൾ
അത് കൊണ്ടാണ്
അവര്‍
കാത്തിരിപ്പിന്റെ
മരുഭൂമിയിലിരുന്ന്
ഓരോരോ നക്ഷത്രങ്ങളെയായി
ഇറുത്തെടുത്ത്
ആർക്കോ വേണ്ടി
മാല കോർക്കുന്നത്
കടലിന്
നിങ്ങൾ പറയുന്നപോലെ
അത്ര ആഴമൊന്നുമില്ല
പ്രണയിക്കുന്നവരുടെ
കണ്ണുകളിൽ
കാറ്റും കോളുമില്ലാതെ
അനുസരണയോടെ
ചേർന്ന് കിടക്കും
അതിന്റെ തിരകൾ
അതുകൊണ്ടാണ് അവർ
ഹൃദയചിഹ്നം പതിച്ച
പതാകകളുമായി
മഴവിൽ നൗകകളിൽ കയറി
ഓരോ സ്വപ്നതീരത്തേക്കും
തനിയെ തുഴഞ്ഞു പോകുന്നത്
കാടിന്
നിങ്ങൾ പറയുന്നപോലെ
അത്ര നിഗൂഢതയൊന്നുമില്ല
വിരഹവിഷം തീണ്ടിയവരുടെ
വിരൽത്തുമ്പുകളിൽ
ഒരു വെയിലിലും വാടാതെ
പൂത്തുനിൽക്കും
അതിന്റെ ഭ്രാന്തുപിടിച്ച പൂക്കൾ
ഒരൊറ്റ
ചുംബനം കൊണ്ട്
ഉടലിനെയാകെ
അവർ
തീരാത്ത വസന്തമാക്കുന്നത്
ഓരോ നിമിഷത്തെയും
അവർ
ഓരോ ഋതുക്കളുടെ
ജാലകമാക്കുന്നതൊക്കെ
അതുകൊണ്ടാണ്
രാവുകൾ
നിങ്ങൾ പറയുന്ന പോലെ
അത്ര സുന്ദരമായ
കവിതകളൊന്നുമല്ല
വിഷാദവസ്ത്രം ധരിച്ചവരുടെ
ഓർമ്മകളെ കൊത്തിമുറിവേൽപ്പിക്കും
വിരഹമഷിയിലെഴുതിയ
വാക്കുകളായിഴഞ്ഞു വന്ന്
നിലാവിന്റെ പാമ്പിൻ കുഞ്ഞുങ്ങൾ
അതുകൊണ്ടാണ്
ഏകാന്തമുറിവുകളിൽ അവര്‍
എപ്പോഴും സൂര്യവെളിച്ചം പുരട്ടുന്നത്
ഓർമ്മകളെ അവർ
മേഘങ്ങളാൽ പുതയ്ക്കുന്നത്
സങ്കടങ്ങളെ അവര്‍
മഴകൊണ്ട് നനയ്ക്കുന്നത്
മറവികളെ അവര്‍
മഞ്ഞിന്റെ ഉടുപ്പുകളണിയിക്കുന്നത്
ഒക്കെ
അതുകൊണ്ടാണ്….
