രചന : ഉണ്ണി ഭാസുരി ഗുരുവായൂർ ✍️
ഇടവപ്പാതിതൻ ഈണങ്ങൾ വീണ്ടും-
ഹൃദയത്തിൻ തന്തിയിൽ മീട്ടിടുന്നു,
ജനലഴിച്ചാരെ പെയ്തിറങ്ങുന്നൊരീ-
കുളിരിന്നു പഴയൊരു ഗന്ധമത്രേ.
തൊടിയിലെ മാവിൻ ചുവട്ടിൽ കൊഴിഞ്ഞൊരു-
കണ്ണുനീർ തുള്ളിയായ് വീണ കാലം,
കടലാസ്സു തോണി തൻ തുഴയെറിഞ്ഞു-
പുഴയാക്കി മാറ്റിയ മുറ്റമത്രേ.
അമ്മതൻ ചാരത്തു പറ്റിച്ചേർന്നു-
നനഞ്ഞൊരാ കുപ്പായം മാറ്റിടുമ്പോൾ,
ചുടുചായ നൽകുന്ന സ്നേഹത്തിൻ ചൂടു-
മറക്കാതെ ഉള്ളിൽ തുടിച്ചിടുന്നു.
ഇന്നീ നഗരത്തിൻ ചില്ലുവാതിൽക്കൽ-
പെയ്തു തോരാതെ തങ്ങുന്ന മഴ തുള്ളികൾ,
പഴയൊരു ബാല്യത്തിൻ മണമുള്ള-
മനോഹര സ്വപ്നമായ് പെയ്തിടുന്നു.

