രചന : മറിയ ശബനം ✍️
മരിച്ചു കഴിഞ്ഞാൽ
വേറിട്ടു പോയൊരു
ജീവിതത്തിന്റെ
ചിത്രം ചാലിച്ചു
മനസ്സിലൊന്നു
വരച്ചു നോക്കി
നെഞ്ചിൽ തടഞ്ഞത്
നല്ല മഴയത്ത്
മയ്യിത്ത് കൊണ്ട്
പോവുന്ന രംഗം.
എല്ലാ ഋതുക്കളുംചേർന്ന
മുഹൂർത്തത്തിലാവുമ്പോൾ
എങ്ങനെ ഇരിക്കുമായിരിക്കും
നല്ല മഴയും
കത്തി നിൽക്കുന്ന സൂര്യനും
മഞ്ഞു പുതപ്പിച്ച മയ്യിത്തും .
‘
ഹഹഹ’
മരണമെങ്കിലും
ചിരിക്കാനുള്ള
സാധ്യതകൾ
വേണ്ടെന്നെന്തിനു
വെക്കണം..
.
എത്ര പെട്ടെന്നാണ്
അടുത്തു നിന്നിട്ടും
അകന്നിരുന്നവർ
ഒരേ ഭാവത്തിൽ,
‘മഴയത്തു നിൽക്കുന്ന
കുട്ടിക്ക് ജലദോഷപ്പനി
വരുമോ’
എന്ന വെപ്രാളം പോലെ
എന്തൊരു കരുതലാണ്..!
സ്നേഹിച്ചു തീർക്കാൻ
ഇനി മണ്ണിലേക്കുള്ള
ദൂരം മാത്രമല്ലെയുള്ളൂ
എന്ന വെപ്രാളം!
അത് കണ്ടു
നാല്പതാം നാൾ വിട്ടു
പോവുമെന്ന വ്യാകുലത
മറന്നു
റൂഹതാ.. പൊട്ടിച്ചിരിക്കുന്നു
മരിച്ചു കിടക്കുന്നവളെങ്കിലും
നേരമല്ലാത്ത നേരത്തു
ചിരിക്കുന്ന ഭ്രാന്തിയല്ലാതാവുമോ…?
