രചന : അച്ചു ഹെലൻ ✍️
ക്ലാരയെ അറിയാത്ത..
ഇഷ്ടപ്പെടാത്ത ആഗ്രഹിക്കാത്ത
ഒരു മലയാളിയും കാണില്ല.
തൂവാനത്തുമ്പികൾ
ഒരു കാലഘട്ടത്തിന്റെ
ഹൃദയമിടിപ്പ് ആയിരുന്നല്ലോ.
ഏതൊരു പുരുഷന്റെയും മോഹമാണ് ക്ലാര.
പറഞ്ഞറിയിക്കാൻ ആവാത്ത വികാരം പോലെ.
അവളെപ്പോലെ
തന്റെടിയായ ഒരുവൾ
അവനെന്നും കൊതിക്കുന്ന ഒരു സ്വപ്നമാണ്.
പലവിധ സമാനതകളോടെ അങ്ങനൊരാളെ
കണ്ടെത്തുമ്പോഴെല്ലാം ഒരു ജയകൃഷ്ണൻ
ആകാൻ അവന്റെ ഉള്ളു തയ്യാറെടുക്കും.
സ്വന്തമാക്കി നഷ്ടപ്പെടുത്തിയ
ഒരു ക്ലാര അവനെന്നും ഒരു വേദനയാണ്.
എന്നാൽ സ്ഥായിയായി അവളെ നേടാനോ
ഒരിക്കലും തിരിച്ചു വരില്ലെന്നു ഓർത്ത് ദുഖിക്കാനോ
അവനൊരുക്കമല്ല.
ഒരു ഘട്ടത്തിൽ
അവളെ എന്നേക്കുമായി സ്വന്തമാക്കാൻ
അവന്റെ ഉള്ളം കൊതിച്ചു കാണും എങ്കിലും
അതിനെ പിന്തിരിപ്പിക്കാൻ പലവിധ കാരണങ്ങളും
എപ്പോഴും അവനൊപ്പം ഉണ്ടാകുമെന്ന് ഉറപ്പാണ്.
രാധ ഒരു കാരണം ഒന്നുമല്ലായിരുന്നു അവന്.
പ്രണയത്തെ സത്യത്തിൽ ബാധ്യതകൾ ഇല്ലാത്ത
ക്ലാരയെ പോലൊരു സൗകര്യം ആയി കിട്ടുവാൻ ആണ്
ഏറെയും പുരുഷന്മാർ ആഗ്രഹിക്കുന്നത്.
ഒരു വിരുന്നുകാരിയെ പോലെ ഇടക്ക് കയറി വന്നു..
ഒന്നൊ രണ്ടോ ദിവസങ്ങളുടെ
സ്വാതന്ത്ര്യവും സന്തോഷവും തന്നു പരാതികളോ
പരിഭവങ്ങളോ പങ്കു വെക്കാതെ ഇറങ്ങിപ്പോകുന്ന
ഒരുവൾ ആകുന്നത് കൊണ്ടാകാം
എം. ടി. എഴുതി വെച്ചതിലും മനോഹരമായി
പദ്മരാജൻ മലയാളി പുരുഷുസിന്റെ ഹൃദയത്തിലേക്ക് ക്ലാരയെ
പ്രതിഷ്ഠിച്ചു വെച്ചതും.
ഇടക്കൊക്കെ ഓരോ മഴ പെയ്യുമ്പോഴെങ്കിലും
ഒരു ശബ്ദമായോ
സന്ദേശമായോ
അവൾ വരുമെന്ന്
ഓരോ ജയകൃഷ്ണനും
പ്രതീക്ഷിക്കാറുണ്ടെന്നതാണ് സത്യം.
ഓരോ പുരുഷനിലും
ഒരു ജയകൃഷ്ണൻ ഉണ്ട്.
അവന്റെ ജീവിതത്തിൽ അവൻ കൊതിക്കുന്ന
അവനറിയുന്ന ഒരു ക്ലാരയും.
ചില ഇഷ്ട്ടങ്ങൾ അങ്ങനെയാണ്..
കാലമെത്ര മായ്ക്കാൻ ശ്രമിച്ചാലും
ഓർമ്മകൾ ഒരു ട്രെയിൻ പിടിച്ചു
ഇടയ്ക്കു അങ്ങ് കയറി വരും.
ഒടുവിൽ
തിരിച്ചിനിയില്ലെന്നു
ഓർമപ്പെടുത്തി
കൈവീശി അകലും.
വരില്ലെന്നു ഉറപ്പുണ്ടെങ്കിലും
പിന്നെയും
ഓരോ
മഴക്കായി മനസ്സ് ഒരുങ്ങിയിരിക്കും.
