അടിത്തട്ടിലെ അനന്താന്ധകാരത്തിൽ
ആദിമ നിശ്വാസങ്ങൾ അടങ്ങിയിരുന്നു
അവയെ ആരോ ഉണർത്തി
ഇരുമ്പിന്റെ നാവുകൊണ്ട്
വേരുകളുടെ നിശ്ശബ്ദസംഘം
വിറച്ചുണർന്നു
ശിലകൾക്കുള്ളിലെ ശതാബ്ദങ്ങൾ
ചിതറിപ്പോയ ശബ്ദങ്ങളായി
മേഘങ്ങളെ താങ്ങിയ മലകൾ
മനുഷ്യന്റെ അളവുകോലിൽ ചുരുങ്ങി
നദികൾക്ക് ശിരകളുണ്ടെന്ന്
ആരും ഓർമ്മിച്ചില്ല
മണ്ണിന്റെ ജഠരത്തിൽ
അഗ്നി കിടന്നുറങ്ങുമ്പോൾ
അതിന്റെ സ്വപ്നങ്ങൾ പോലും
ഖനനയന്ത്രങ്ങളുടെ കരളിൽ കുടുങ്ങി
സന്തുലിതത്തിന്റെ സൂക്ഷ്മരേഖ
അദൃശ്യമായ ഒരു വേദപാഠംപോലെ
അവഗണിക്കപ്പെട്ടപ്പോൾ
പ്രകൃതി തന്റെ ഗ്രന്ഥം അടച്ചു
പിന്നെ
ഗർഭഗുഹകളിൽ നിന്നൊരു ഗർജ്ജനം
താളം തെറ്റിയ ഭ്രമണപഥം
സ്വയം തിരുത്തുന്ന നിമിഷം
അത് ക്രോധമല്ല
നീതി എന്ന മഹാശിലയുടെ ചലനം
അത് ശാപമല്ല
സമത്വത്തിന്റെ ശാസനം
മണ്ണ് വിറയ്ക്കുമ്പോൾ
മാനവ നിർമാണങ്ങൾ
മണൽക്കോട്ടകളായി വിഘടിക്കുന്നു
അഹങ്കാരത്തിന്റെ ശില്പങ്ങൾ
ധൂളിയായി മാഞ്ഞുപോകുന്നു
ഭൂമി പ്രതികരിക്കുന്നതല്ല
അവൾ ഓർമ്മപ്പെടുത്തുന്നു
തന്റെ ഹൃദയമിടിപ്പിനൊപ്പമല്ലാതെ
ജീവിതത്തിന് ലയം ഇല്ലെന്ന്.

യുനാസ് മണത്തല

By ivayana

Leave a Reply

Your email address will not be published. Required fields are marked *