രചന : അൻവർ ഷാ ഉമയനല്ലൂർ ✍️
ശിഷ്യപാദങ്ങൾക്കഴുകിയി,പ്പാരിനാ-
യെളിമത,ന്നാർദ്രമാം ചിന്താമലർസ്മിതം-
നൽകിയാ,ദിവ്യമാം മനസ്സിൻ പ്രഭാമയം;
സ്മരണയുണർത്തുന്നു പെസഹാ ദിനാർദ്രകം.
ഉദ്ബോധനത്തിന്റെയൊരു ദിവ്യകവിതപോൽ
നവ കല്പന പകർന്നേകിയോരോർമ്മകൾ
അന്ത്യയത്താഴ സ്മരണാ വിരുന്നുപോൽ
തങ്ങിനിൽക്കുന്നെത്ര,യണയാത്തയഴലുകൾ.
തിരുശരീരം, രക്ത,മപ്പവും വീഞ്ഞുമെ-
ന്നാ, ക്രമത്തിൽ നൽകിടുന്ന ചടങ്ങുകൾ
പരിശുദ്ധ കുർബാന സ്ഥാപനദിനവുമാ-
യാചരിക്കുന്നു സഹനാർദ്രതേ, കരളുകൾ.
പ്രാർത്ഥനാപൂർണ്ണമായനുഗമിക്കാം നമു-
ക്കാ,ദിനസ്മരണതന്നാർദ്രച്ചിറകുമായ്
ആരാധനാ നിമിഷങ്ങളിൽ തമ്പുരാ-
നാത്മാർപ്പണം ചെയ്തിടാം തിരുമുമ്പിലായ്.
പത്രോസിൻ കാൽകഴുകുന്ന താംവേളയും,
പാദങ്ങൾ ചുംബിച്ചുണർത്തും കടമയും
പങ്കുവയ്‌ക്കുന്നില്ലെയാദ്യമീ പ്രകൃതിയും;
പാരിൻവെളിച്ചമേ,യാ,ദിവ്യ പുലരിയും.
പാനപാത്രം നൽകിയോതിയന്നാർദ്രമായ്:
ചിന്തപ്പെടുന്നനേകർക്കെന്റെ രക്തവും
മമ ശരീരം നീ ഭുജിക്കെന്ന മന്ത്രവും;
മന്ദ്രണംചെയ്തിടുന്നില്ലേ, പ്രപഞ്ചവും.
കാലമേ,യോർമ്മപ്പെടുത്തുന്നു സഹനമാം
കവിതപോലോരോ വചന,മീ വാനവും
പാരിൻ വെളിച്ചമായുണരേണ്ട സ്നേഹവും
താരമായകമേ യുണണർത്തുമാ, വദനവും.
സ്വർഗ്ഗം നിയോഗിച്ചയച്ച കുഞ്ഞാടുപോ-
ലുപമിച്ച വെളിപാടു പുസ്തകത്താളുപോൽ
നിത്യം കരളിൽത്തുളുമ്പുന്നു സ്മരണയും
കാരുണ്യമേ,യുള്ളിലുണരുമാ, പ്പുലരിയും.
കോഴികൂകുന്നതാമാർദ്ര പ്രഭാതത്തിൻ-
മുന്നെതന്നേയൊറ്റുമെന്ന,നീർത്തുള്ളിയും
മിഴികൾ നനയ്ക്കുന്നു,ലോകമേ പ്രാർത്ഥനാ-
വീഥിയിൽ നിൽപ്പിതേ,നുണരുന്നു തിരുമുഖം..

