രചന : മുർഷിദ പർവീൺ ✍️
ചില സന്ദർഭങ്ങൾ മനുഷ്യരെ
കെഞ്ചി യാചിക്കുന്ന അതിരുകളിലേക്ക് വരെ എത്തിക്കും.
സ്നേഹം അധികമായി
ആളെ നഷ്ടപ്പെടുമോ എന്ന ഭയമായി മാറുമ്പോൾ,
മറുവശത്ത് നിന്ന്
ഒരു സൂചന പോലും ലഭിക്കാതെ നീളുന്ന
ആ ആശങ്കയുടെ നിമിഷങ്ങളിൽ,
മനുഷ്യൻ സ്വാഭിമാനം മറന്ന്
വാക്കുകളിലും കണ്ണീരിലും യാചിച്ചേക്കാം.
പുറമേ നിന്ന് കാണുമ്പോൾ അത് ഒരു അപേക്ഷയായി മാത്രം തോന്നും,
പക്ഷേ ഓരോ പ്രാവശ്യം അങ്ങനെ
കൈ നീട്ടുമ്പോഴും
അവരുടെ ഉള്ളിൽ
ഒരായിരം തവണ തകർച്ച സംഭവിച്ചിട്ടുണ്ടാകും.
ഒരു മറുപടി കിട്ടുമെന്ന പ്രതീക്ഷയിൽ
ഹൃദയം വീണ്ടും വീണ്ടും വാതിൽ തട്ടും,
നിശ്ശബ്ദത മാത്രം തിരിച്ചുവരുമ്പോഴും
ആ പ്രതീക്ഷയെ കൊല്ലാൻ മനസ്സ് വരില്ല.
ഓരോ യാചനയ്ക്കു പിന്നിലും
ഒരു ആത്മാഭിമാനത്തിന്റെ കഷ്ണങ്ങൾ
നിശ്ശബ്ദമായി വീണുകിടക്കും.
എങ്കിലും സ്നേഹത്തിന്റെ പേരിൽ
മനുഷ്യൻ വീണ്ടും വീണ്ടും
അവ തന്നെ ചേർത്തുപിടിക്കാൻ ശ്രമിക്കും.
കാരണം, ചിലപ്പോൾ
യാചിക്കുന്നത് ബലഹീനതയേയല്ല,
ആളെ നഷ്ടപ്പെടുമോ എന്ന
ഭയത്തിന്റെ അവസാന പോരാട്ടമാണ്.
