രചന: യൂനസ് മണത്തല ✍️
എഴുത്ത് ജനിക്കാത്ത ലോകം
ആദ്യം മരിച്ചത് ശബ്ദം
അതിനുശേഷം അർത്ഥം
അവസാനം മനുഷ്യൻ തന്നെ
മനസ്സ് ഒരു അടഞ്ഞ ഗുഹ
ഭിത്തികളിൽ ചിന്തകൾ രക്തമുദ്രയായി
പുറത്തേക്കുള്ള വഴിയില്ല
വാക്ക് ഇല്ലാത്തതിനാൽ
പ്രണയം നെഞ്ചിനുള്ളിൽ കറുത്ത പുക
ശ്വാസം മുട്ടുന്ന തീപ്പൊരി
പറയാൻ കഴിയാത്ത ഓരോ വികാരവും
അകത്ത് ചാരമാകുന്നു
മുഖങ്ങൾ തമ്മിൽ നോക്കും
അകത്ത് കൊടുങ്കാറ്റ്
പുറത്ത് ശൂന്യം
വായിക്കാൻ ആരുമില്ല
എഴുത്ത് മരിച്ച നിമിഷം
ആകാശം അകത്തേക്ക് മടിഞ്ഞുവീണു
മനുഷ്യന്റെ കണ്ണുകൾ വെളിച്ചം നഷ്ടപ്പെടുത്തി
ലോകം പതിയെ കൂരിരുട്ടായി മാറി
അക്ഷരങ്ങളുടെ ചാരത്തിൽ
സൂര്യൻ തന്നെ മങ്ങി കിടന്നു
നാവുകൾ കല്ലായി കട്ടപിടിച്ചു
ശ്വാസം പോലും ഇരുട്ടിന്റെ ഭാഗമായ്
കവി ജനിച്ചാലും ഇവിടെ
അവൻ ഒരു തടവുകാരൻ
ഹൃദയം നിറഞ്ഞ് കത്തിയിട്ടും
ഒരു അക്ഷരത്തിനും ജന്മം കൊടുക്കാൻ കഴിയാതെ
മൗനം സമാധിയല്ല
അത് മണ്ണടച്ച നിലവിളി
എഴുത്തില്ലാത്ത ലോകം
ജീവിച്ചിരിക്കുന്ന ശവങ്ങളുടെ കൂരിരുട്ട്.

