രചന : റഹീസ് മുണ്ടക്കര ✍️
ഓർമ്മകൾ
പടിയിറങ്ങിപ്പോയൊരു വീടിന്റെ-
ശൂന്യമാം തളത്തിൽ
ഞാൻ തനിച്ചായി.
ചിരിയുടെ മഞ്ഞുതുള്ളിയും
കരച്ചിലിൻ കനലും
പൂട്ടിവെച്ച താക്കോൽക്കൂട്ടം-
കാലമെന്നോ ഏതോ കള്ളൻ കവർന്നിരിക്കുന്നു!
ചങ്ങലകളാൽ
ബന്ധിക്കാത്തവനെ,
ബോധത്തിന്റെ
വേലിക്കെട്ടുകൾ ചാടിയവനെ,
ലോകം ‘ഭ്രാന്തനെന്ന്’ മുദ്രകുത്തി.
വിവേകത്തിന്റെ ഉടയാടകൾ അഴിഞ്ഞുവീണപ്പോൾ-
അവശേഷിക്കുന്നത്
നഗ്നമായ സത്യത്തിന്റെ
ഉടൽ മാത്രം!
നിങ്ങളുടെ വെടിപ്പുള്ള
ബോധത്തിന്റെ കവലയിൽ
ഞാനൊരു ചാവുക്കല്ലായി
കിടക്കട്ടെ..
തിരക്കുകൾക്കിടയിൽ
നിങ്ങൾ തട്ടി വീഴുമ്പോൾ-
രക്തം പൊടിയുന്ന
മുറിവിലൂടെയെങ്കിലും,
മറന്നുപോയ എന്നെ
നിങ്ങളൊന്നോർക്കാൻ..!
