കുറുകിനിൽക്കിലും നീയൊരു വമ്പനാം
മരമൊളിപ്പിച്ച വിത്തായിരുന്നിടാം.
അടവിയാകുവാനക്കുലം നീളുവാൻ
വനമൊളിപ്പിച്ച സ്വത്തായിരുന്നിടാം.

വളരുവാൻ മനം കൂമ്പിട്ടുവെങ്കിലും
ഇല ചുരുട്ടുംപുഴുക്കളാടുന്നിതാ.
കനി നിറയ്ക്കുവാനാവേശമെങ്കിലും,
കരളിനപ്പുറത്താടിൻകുളമ്പുകൾ.

അണയുമിച്ഛയ്ക്കു വെട്ടിയൊതുക്കുവാൻ,
പരുവമാക്കുന്നൊരീ കരിംമണ്ണിലും
വളരുവാനുള്ള തോതൊരുക്കുന്നവർ,
ഭരണമെങ്ങുനിന്നോ തിരിക്കുന്നവർ.

കറുകറുത്തൊരീ മണ്ണിന്റെ കാവലായ്,
തണലു നൽകുവാനാണെന്നു ചൊല്ലിയും
വെളുവെളുത്തവർ ചികയുന്ന കുന്നുകൾ
പിടിയയഞ്ഞെത്തി നീട്ടുന്നു കണ്ണുനീർ.

കുഴി കുഴിച്ചവർ കടയുന്ന ഭൂമിയിൽ
അമൃതെടുക്കുന്നു ദേവസിംഹാസനം.
പുകയുയർത്തുന്ന കാളകൂടത്തിലായ്
മിഴിയടയ്ക്കുന്നൊരാദിവർഗ്ഗം സദാ.

പകലുരാത്രികളുണ്ണാതുറങ്ങുവോർ
പനി പിടിച്ചവർ ചാവുന്ന ഭൂമിയിൽ
പട നയിക്കുവാനാവുംമരുന്നിനാൽ
കരുണകാട്ടുന്നൊരംബരചുംബികൾ.

നഗരമേറാതൊരീ വനം നിൽക്കയാൽ,
കുളിരുകായുന്നതേവരുമൊന്നുപോൽ.
നിഖിലലോകവും പ്രാണൻ തുടിച്ചതും
നിറയുമീ പ്രാണവായുവിൽപാതിയും.

കരിനിറംപൂണ്ടൊരീ മണ്ണു തൂകിടും
ഗുണമണം വേണമെല്ലാ മനുഷ്യനും
കരയുമീ ശ്യാമവർണ്ണസൂനങ്ങളിൽ
നിറമൊഴുക്കുവാൻ സൂര്യൻ ചിരിക്കണം.

കുടലു ചുക്കിച്ചുളിഞ്ഞിടുംനോവിലും
ഖനികളിൽ ജീവശ്വാസം തിരഞ്ഞവർ.
പടനിലങ്ങളിങ്ങേറിവെട്ടുംജനം
കുറുകി ബോൺസായിവൃക്ഷമാകുന്നിതാ .

നിനവുറങ്ങുന്നു ഭൂമി കായ്ക്കുന്നൊരാ
ഫലമിറക്കുവാൻ വിത്തു സൂക്ഷിക്കുവാൻ
പടിയിറക്കം ഭയക്കാതെ വാഴുവാൻ,
നിറയെ നീരിലായ് വെന്തു, വറ്റാകുവാൻ.

By ivayana