രചന : വിക്രം രാമചന്ദ്രൻ ✍️
ഓഫീസിൽ വരുന്ന ഉപഭോക്താക്കളോട് എങ്ങനെയാണ് ഇദ്ദേഹത്തിന്റെ പെരുമാറ്റം? തീർച്ചയായും നിങ്ങൾ ഇത് വായിക്കണം.
നമ്മൾ വല്ല ആവശ്യത്തിനായി ഗവൺമെന്റ് സ്ഥാപനങ്ങളുമായി ബന്ധപ്പെടുമ്പോൾ ഉദ്യോഗസ്ഥരെ കുറിച്ച് പ്രത്യേകിച്ച് താലൂക്ക് ഓഫീസിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്മാരെക്കുറിച്ച് ഒരു മുൻ ധാരണയുണ്ടാവും. മുൻകോപക്കാരനോ, കാശിന് വേണ്ടി നമ്മെ വെറുതെ വട്ടം കറക്കുമെന്നൊക്കെ, ഒരു സർട്ടിഫിക്കറ്റ് ആവശ്യത്തിന് നെയ്യാറ്റിൻകര താലൂക്ക് തഹസിൽദാരുടെ മുമ്പിലുള്ള ക്യുവിൽ അങ്ങനെയൊരു ധാരണയോട് കൂടിയാണ് നിന്നത്.
ഒരു കുടുംബത്തിന്റെ പലവിധ രേഖകൾ ദീർഘ സമയമെടുത്ത് ശരിയാക്കി കൊടുക്കുന്ന സമയത്ത് തന്നെ അവിടെ വരുന്നവരോട് വന്ന കാര്യം തിരക്കുകയും ചെറിയ കാര്യമാണെങ്കിൽ പെട്ടെന്ന് ശരിയാക്കി കൊടുക്കുകയും അല്ലെങ്കിൽ കാത്തിരിക്കാനും പറയുന്നുണ്ട്. എന്റെ സുഹൃത്തിൻ്റെ ഊഴമെത്തിയപ്പോൾ ഊണ് കഴിക്കാനുള്ള സമയമായി കുറേ സമയമായി കാത്ത് നിൽക്കുന്നത് കണ്ട അദ്ദേഹം എന്റെ സുഹൃത്തിൻ്റെ രേഖകൾ വാങ്ങി ഒപ്പിട്ട് തന്ന് അടുത്ത സെക്ഷനിലേക്ക് കൈമാറിയിട്ടാണ് എഴുന്നേറ്റത്.
അക്ഷയയിൽ നൽകിയ ക്രീമിലിയർ സർട്ടിഫിക്കറ്റ് ലഭിക്കാൻ തഹസിൽദാരെ കണ്ടാൽ പെട്ടെന്ന് സിസ്റ്റത്തിൽ അപ്പ്രൂവ് ചെയ്യുമെന്ന് സ്റ്റാഫ് പറഞ്ഞപ്പോൾ പിറ്റേ ദിവസം പോയപ്പോൾ അപ്പ്രൂവ് ചെയ്യാൻ കുറേ ബാക്കിയുണ്ട് ഞാൻ ചെയ്തോളാമെന്ന് അദ്ദേഹം പറഞ്ഞു.
എന്റെ സുഹൃത്തിൻ്റെ ക്രീമിലിയർ സർട്ടിഫിക്കറ്റ് അപ്രൂവ് ചെയ്യണമെങ്കിൽ അതിനു വേണ്ടി മുൻ അപേക്ഷകളൊക്കെ പെൻഡിങ്ങിൽ കിടപ്പുണ്ട് അതൊക്കെ അപ്പ്രൂവ് ചെയ്താലേ എന്റെ സുഹൃത്തിൻ്റെ അപേക്ഷ ചെയ്യാൻ സാധിക്കൂ. അതൊക്കെ ഒരു മുഷിപ്പോ, മുറു മുറുപ്പോ ഇല്ലാതെ ചെയ്ത് തന്ന് ഒരു പുഞ്ചിരിയോട് കൂടി ഞങ്ങളെ യാത്രയാക്കി.
അവിടെ വന്ന ഓരോരുത്തരുടേയും രേഖകൾ ശരിയാക്കി കൊടുത്ത് കൊണ്ടിരുന്നു. അതിനിടയിൽ അവിടെ വന്ന പെൺകുട്ടിക്ക് പഠിക്കുന്നതിലെക്ക് അപേക്ഷിക്കുന്നതിന് അത്യാവശ്യമായി ക്രിമിലിയർ സർട്ടിഫിക്കറ്റ് ലഭിക്കേണ്ടതുണ്ടായിരുന്നു. ഓരോ വിവരങ്ങൾ ചോദിച്ചറിയുന്നതിനിടയിൽ അച്ഛന് കൂലിപ്പണിയാണെന്നും അമ്മ വീട്ടമ്മയാണെന്നും അദ്ദേഹത്തിന് അറിയാൻ സാധിച്ചു. ഒറ്റയ്ക്ക് ആണ് വന്നതെന്നും സഹായിക്കാൻ ബന്ധുക്കളായി ആരുമില്ല. രേഖകൾ ശരിയാക്കി നൽകുന്നതിനോടൊപ്പം സർട്ടിഫിക്കറ്റ് ലഭിക്കാൻ അപേക്ഷിക്കുമ്പോൾ ഈ രീതിയിൽ ചെയ്താൽ മതിയൊന്നൊക്കെ ഉപദേശം നൽകി പെട്ടെന്ന് തന്നെ ശരിയാക്കി നൽകി.
അതേപോലെ ഒരാൾ അവിടെ കയറിവന്ന് പരാതി പറഞ്ഞു കുറേ നാളുകളായി രേഖകൾ ലഭിക്കാനായി കയറി ഇറങ്ങുന്നു. മുമ്പുള്ള തഹസിൽദാർ നാളെ, നാളെയെന്ന് പറഞ്ഞ് ശരിയാക്കാതെ സ്ഥലം മാറിപ്പോയി ഇനി ഒരു ദിവസം മാത്രമേ ബാക്കിയുള്ളൂ എന്ന് പറഞ്ഞപ്പോൾ ഞാൻ ഇന്ന് രാത്രിയിരുന്ന് ശരിയാക്കി നാളെ തരാമെന്ന് പറഞ്ഞു. പിറ്റേ ദിവസം ഞാൻ കൂട്ടുകാരനോട് ചോദിച്ചപ്പോൾ രേഖകൾ ലഭിച്ചുവെന്ന് പറഞ്ഞു.
ഇതുപോലുള്ള ഓഫീസർമാരേയാണ് നാടിന് ആവശ്യം. ശമ്പളം വാങ്ങുന്ന സമയത്ത് പോലും ജോലി ചെയ്യാതെ ജനങ്ങളെ വട്ടം കറക്കുന്ന ഉദ്യോഗസ്ഥരിൽ നിന്നും രാത്രി വീട്ടിൽ ചെന്ന് ജോലി ചെയ്യുന്ന ഇദ്ദേഹത്തെ പോലുള്ളവർ എന്ത്കൊണ്ടും അഭിനന്ദനമർഹിക്കുന്നു.
