രചന : കല്ലങ്ങാട്ട് പരമേശ്വരൻ നായർ ✍️
1.രാവിൽ പടർന്നൊരിരുൾ നീക്കുവതിന്നുമന്നും
ദ്യോവും തെളിച്ചുടനുദിച്ചൊരു തിങ്കൾ പോലെ
താവും യശസ്സൊടിഹ കൈരളി തൻ നഭസ്സിൽ
ശീവൊള്ളിയാകിയ മഹാകവിയുല്ലസിച്ചു.
2.മാനം വരെയ്ക്കുയരുവാനൊരു പാത തീർത്തു –
മാനം പെടും മഹിതയാം മലയാളഭാഷേ!
ജ്ഞാനം പകർന്ന തവ ഭക്തരിലഗ്രഗണ്യ-
സ്ഥാനത്തെഴും രജകതാരകമീക്കവീന്ദ്രൻ.
3.തുഞ്ചത്തെഴും ഗുരുവിൻ ധിഷണാ വിലാസ-
ത്തുഞ്ചത്ത് മഞ്ജുമധുരം മകരന്ദമൂറി
കൊഞ്ചിപ്പറന്ന കിളിതൻ കളനാദമായ –
ചഞ്ചൽ ചിലമ്പൊലി വഹിച്ചു വരുന്ന നിന്നെ
4.തോളിൽ കയററുവതിനാനണയുന്ന ” വള്ള –
ത്തോളി”ന്റെ ഹസ്തമതിലസ്തഭയം കിടത്താൻ
ലാളിച്ചെടുത്തഥ വളർത്തിയതാരു, കുട്ടി –
ക്കാലത്ത്, തൽ ‘ശിവ’ പദത്തിൽ നമസ്ക്കരിക്കൂ.
5.തൂവെൺനിലാവൊളി തെളിഞ്ഞുടനുമ്മ വച്ച –
ശീവൊള്ളിയാം കവിതയാം കുളിർഗംഗതന്നിൽ
താളം തകർത്ത തരളോർമ്മിയിൽ മുങ്ങിയെത്ര –
നാളെന്റെ കൈരളി കുളിച്ചു കളിച്ചതില്ല.
6.ശൃംഗാരഹാസസഖിമാരി രുപേരുമൊത്താ-
ശൃംഗാടകത്തിലൊരു പോൽ നടനം നടത്തി
ശൃംഗാരവേല തുടരുന്നത് കണ്ടു ഗാന-
ഭൃംഗാരവം സ്വയമുതിർന്നു പരന്നു പാരിൽ.
7.തൂവെൺമയാൽത്തെളിവിരിപ്പു വിരിച്ചു കുഞ്ഞേ-
യാവെൺമണിക്കവിത സുന്ദരശയ്യ തീർത്തു,
ശീവൊള്ളിയാണതിൽ സുഗന്ധസുമങ്ങൾ തൂവി
കൈവന്ന മോദമൊടെടുത്തു കിടത്തി നിന്നെ
8.വാരഞ്ചിടും കവനവൈഭവമാത്മ ധൈര്യ –
മാരമ്യഭാവന,സുവാസിതവാഗ്വിലാസം
പാരം പ്രശസ്തിയെഴുമുത്തമവൈദ്യവിദ്യാ-
സാരം പെടും കവിവരൻ ,സ്മരണേ; നടുങ്ങൂ
9.കാണിയ്ക്കുമില്ല കുറവ ങ്ങിനെയുള്ള രത്നം –
കാണിച്ചു കൺനിറയെ നാമതു നോക്കി നിൽക്കെ,
ത്രാണിപ്പെടുംപടി മറച്ചിതു രത്നഗർഭ –
താ,നിപ്രപഞ്ചഗതിയോർക്കിൽ വിചിത്രമത്രേ.
10.അഗ്ഗാനമാധുരിയിലുള്ളു കുളിർത്തുനിൽക്കെ –
യക്കാവ്യകൃത്തു ചെറുമിന്നൽ കണക്കെ മാഞ്ഞു
മുക്കാലുമങ്ങിരുളിലാണ്ടിതു നിന്റെ ചിത്ത –
മ , കാര്യമോർത്തു കരയു മലയാള ഭാഷേ.
11.ഇന്നാണ് ജന്മശതവാർഷികമാകയാല –
ങ്ങൊന്നായി നിന്നു കരളിൽ കലിതാനുമോദം
അമ്മാന്യനാകിയ മഹാകവിയെ സ്മരിച്ചു –
വന്മാലകന്നരുൾക നാം ഹൃദയ പ്രണാമം
ശുഭം.
