രചന : ബി സുരേഷ്കുറിച്ചിമുട്ടം✍️
കരിപുരണ്ടൊരു സൂര്യനുദിക്കുന്നു
കബന്ധങ്ങൾ നൃത്തമാടും തെരുവോരത്ത്.
നീതിതൻ നാവരിഞ്ഞൊരു കാലം
നരഭോജികളായ് വാഴുന്ന ലോകം!
വാഗ്ദാനപ്പൊതിയിൽ വഞ്ചനയൊളിപ്പിച്ചു
വിശ്വാസം വിൽക്കുന്നു കപടവേഷക്കാർ.
കൊള്ളിവെപ്പിൻ ചൂടിൽ വെന്തെരിയുന്നു
സാധുക്കളിൻ സ്വപ്നക്കൂട്ടുകൾ!
ചേരിക്കു മുകളിൽ രാഷ്ട്രീയപ്പിശാചുക്കൾ
ചതുരംഗപ്പലകയായ് മാറ്റുന്നു ജനത്തെ.
ജാതിക്കോമരങ്ങൾ തുള്ളിയുറയുമ്പോൾ
മതഭ്രാന്തിൻ്റെ കനലുകൾ ആളുന്നു!
അറകളിലും വീഥിയിലും പേടി
പെണ്ണുടൽ പിച്ചിച്ചീന്തുന്ന ശാലകൾ.
ഉള്ളവൻ്റെ അട്ടഹാസം മുഴങ്ങുന്നു
ഇല്ലാത്തവൻ്റെ കണ്ണുകൾ പുഴയാകുന്നു!
മനുഷ്യത്വം വെറും പാഴ് വാക്കായ് മാറി
മൃഗീയത വാഴുന്നീയിരുണ്ട കാലത്ത്.
എവിടെയാ സമാധാനത്തിൻ വെള്ളരിപ്രാവ്
എവിടെയാ സ്നേഹത്തിൻ കുളിർക്കാറ്റ്?
കറുത്ത സൂര്യനു താഴെയീ ലോകം
നരകത്തിൻ വാതിൽ തുറന്നുകാട്ടുന്നു.
ഇനിയെന്നൊരരുണൻ ഉദിച്ചുണരാൻ
മാനവനന്മകളീമണ്ണിൽ കുതിർന്നുയരാൻ!

