രചന : യൂനസ് മണത്തല ✍️
മേളം തുടങ്ങി
വെക്കൻ ചെണ്ട നെഞ്ച് പൊങ്ങി പറഞ്ഞു
ഒരു അടിയിൽ ഭൂമി കുലുങ്ങും
എന്നെ കൂടാതെ ആരുണ്ട് ഇവിടെ
ഉരുട്ട് ചെണ്ട നിശ്ശബ്ദം ചിരിച്ചു
എന്റെ ഉരുള്‍ ഇല്ലാതെ നീ എവിടെ
അടിത്തറ ഞാൻ തീർക്കുന്നില്ലെങ്കിൽ
നിന്റെ മുഴക്കം നിലനിൽക്കുമോ
കൈയിലെ കോൽ ചെറുതായി ചിരിച്ചു
നിങ്ങൾ രണ്ടുപേരും മറന്നുവോ എന്നെ
എന്റെ അടിയിലല്ലേ നിങ്ങളുടെ ശബ്ദം
കേമൻ ആരെന്ന് ഒന്ന് ചിന്തിക്കൂ
കൊമ്പ് വളഞ്ഞു നിന്നു മുഴക്കി
ആകാശം തുറക്കുന്നത് എന്റെ ശ്വാസത്തിൽ
ഉച്ചസ്ഥായിയിലെ നാദം ഞാൻ തന്നെയാണ്
കേമൻ ഞാൻ തന്നെയല്ലോ
ഇലത്താളം ചെറുതായി ചിരിച്ചു
നിങ്ങൾ എല്ലാം എത്ര പറഞ്ഞാലും
താളം തെറ്റിയാൽ നോക്കാം പിന്നെ
കെട്ടിപ്പിടിക്കുന്നത് ഞാൻ തന്നെയല്ലോ
കുഴൽ നീണ്ടൊരു ശ്വാസം വിട്ടു
ഇത്ര ശബ്ദം കൊണ്ട് എന്തു പ്രയോജനം
കേൾക്കുന്നവൻ കണ്ണടയ്ക്കുന്നത്
എന്റെ സ്വരത്തിൽ തന്നെയല്ലേ
അവിടെ നിന്നു തകിൽ ഒന്ന് ഇടിച്ചു
മിണ്ടാതിരുന്നതിന് കാര്യമുണ്ട്
നിങ്ങൾ എല്ലാം പറഞ്ഞതൊക്കെ ശരി
പക്ഷേ നിറയ്ക്കുന്നത് ഞാൻ തന്നെയല്ലോ
വാശി വാശിയായി വാക്കുകൾ കയറി
മേളം ഒന്ന് തർക്കമായി മാറി
കേൾക്കുന്നവരും ഒന്ന് ചിരിച്ചു
ഇവരുടെ തർക്കമേളങ്ങൾ കണ്ടു
രസിച്ചു താളം പിടിച്ചു
ചെമ്പടയുടെ ചുവടിൽ ചുവടുകൾ കൂട്ടി
അടന്തയുടെ ഒഴുക്കിൽ ശ്വാസം നീട്ടി
പഞ്ചാരിയുടെ പടവുകൾ കയറിക്കൊണ്ട്
നാദം ഉയർന്നു ഉയർന്നു ചേർന്നു
അവസാനം ഒരുമിച്ച് പൊട്ടിയ നാദം
കൊഴുപ്പിൽ മുഴങ്ങി തീരമേറ്റപ്പോൾ
ആരും കേമൻ എന്ന് മറന്നപ്പോൾ മാത്രം
മേളം കേമനായി മാറി

