നമുക്ക്
ആത്മഹത്യാമുനമ്പുവരെ
പോകണം,
വെറുതെ..
മരണം പതിയിരിക്കുന്ന
കാണാക്കയങ്ങളുടെ
ആഴങ്ങളിലേക്ക്
വെറുതെ എത്തിനോക്കണം.
അപൂർണ്ണതയിൽ
പൊലിഞ്ഞ സ്വപ്നങ്ങളുടെ
ദയനീയമായ നോട്ടങ്ങൾ കാണാം.
പാതവക്കത്തെ
അപൂർണ്ണമായ
കാത്തിരിപ്പുകളിലെ
ചില പരിഭവങ്ങൾ കാണാം.
കൈതപ്പൂവിന്റെ മണമുള്ള
ഓർമ്മകളിൽ പറഞ്ഞുതീരാത്ത
പ്രണയം പടിയിറങ്ങിപ്പോയ
കാല്പാടുകൾ കാണാം..
നിറങ്ങളറ്റുപോയ
മരക്കൊമ്പിൽ
ചേക്കേറിയ മൂടൽമഞ്ഞിന്റെ
നിശബ്ദമായ തേങ്ങൽ കേൾക്കാം.
പറഞ്ഞുമുഴുവിക്കാത്ത
കഥകളുടെ നിഴലുകൾ..
ഉത്തരമില്ലാത്ത
ചോദ്യങ്ങളുടെ രൂപത്തിൽ
ആടിയുലയുന്നത് കാണാം.
പിന്നെ തിരിഞ്ഞുനടക്കണം.
പേരറിയാത്ത ഒരു മരത്തിൽ
നമ്മുടെ പേരുകൾ വെറുതെ
ചേർത്തെഴുതിവെയ്ക്കണം.

സന്തോഷ് മലയാറ്റിൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *