മൊബൈലിൽ
ഇടിത്തീ പോലെ തെളിയുന്നു
ജാഗ്രതാ സന്ദേശം
പുറത്തിറങ്ങരുത് പേടിക്കരുത്
പാളംതെറ്റിയോടുന്ന
തീവണ്ടിപോൽ ഹൃദയം
ഭയത്തിന്റെ അതിരിൽ ചെന്ന്
ഇടിച്ച് തകരുന്നു
ചില്ലുജാലകത്തിലെന്തോ
വന്നു വീണ് ചിതറുന്നു
മിസൈലോ അതോ ഡ്രോണോ
ഞെട്ടിവിറച്ചു നോക്കുമ്പോൾ
വിശന്ന് തളർന്നൊരു
വെള്ളരിപ്രാവ്
കണ്ണുകളിൽ ദൈന്യതയുടെ
മെഴുതിരിത്തിളക്കം
ഇത്തിരി വെള്ളത്തിൽ
ഒരു പിടി ഗോതമ്പ് മണികളിൽ
തിരയടിച്ചു ശമിക്കുന്നു
ശാന്തി തൻ സമുദ്രം
നാടിനെയോർത്തു കിടക്കവേ
പെട്ടെന്ന് കുടുങ്ങി വിറക്കുന്നു
കെട്ടിടവും സ്വപ്ന സൗധവുമൊന്നിച്ച്
ഓടിക്കിതച്ചു നോക്കുമ്പോൾ
പുറത്ത് ഇടിമിന്നലും പേമാരിയും
ചങ്ങല പൊട്ടിച്ച കാറ്റും
നിദ്രയുടെ പട്ടുവിരിപ്പിനകത്തു
മയങ്ങുമ്പോൾ
ആളിക്കത്തുന്നു
കരഞ്ഞോടുന്നു
കിനാവിലെ നഗരങ്ങൾ
കുഞ്ഞുങ്ങൾ
ഉണർന്നു നോക്കുമ്പോൾ
ടിവിയിൽ യുദ്ധവാർത്തയുടെ
തത്സമയ പ്രക്ഷേപണം
ഇത്തിരി ശാന്തിതൻ
സുലൈമാനി കുടിച്ച് കിതപ്പകറ്റുന്നു
പേടിമാറ്റുന്നു
പഴയപാട്ടുകളിൽ
വേഷപ്രഛന്നനായ് ഒളിച്ചിരിക്കുന്നു
കവിതകളുടെ പൂമരത്തണലിൽ
എല്ലാം മറന്നിരിക്കുന്നു
ആൽമരച്ചോട്ടിൽ
മനസ്സടച്ച് ധ്യാനത്തിലിരിക്കവേ
വെടിയൊച്ചകളുടെ കടന്നൽക്കൂട്ടം
കുത്തി മുറിവേൽപ്പിക്കുന്നു
ചോരവാർന്നു മരിക്കുന്നൂ
പ്രണയകവിതയിലെ അനാഥവാക്കുകൾ
ആരെങ്കിലും
വെടിവെച്ചു കൊല്ലൂയെന്നെ
അല്ലെങ്കിൽ ഞാൻ കൊല്ലും
നിങ്ങളുടെ രക്തദാഹ മോഹങ്ങളെ….
.

By ivayana