അസ്ഥികൂടങ്ങളിൽ ചന്ദ്രനുദിയ്ക്കുന്ന,
പ്രേതാലയത്തിലെ നിശബ്ദരാത്രിയിൽ,
ചെന്നായക്കൂട്ടമലറുമിരുട്ടിന്റെ,
കോട്ടയിൽനിന്നും വയലിന്റെ നിസ്വനം.
രക്തംമരവിച്ചുപോകും ഡിസംബറിൻ
ശൈത്യങ്ങളിൽക്കാറ്റ് ദ്രംഷ്ട്രകൾ നീട്ടവെ,
പാതിരാക്കോട്ടയിൽനിന്നിപ്പോളാരാണ്,
പാപഗീതങ്ങളുയർത്തിയുലാത്തുന്നു. ?
ഏതോ കൊടുങ്കാറ്റു മുജ്‌ജൻമശാപത്തിൻ
തീയുലയിൽപ്പെട്ടു വേകുന്നമാതിരി,
പാപത്തറയിൽ തലചായ്ച്ച കന്യക
വാൾത്തലയിൽപ്പെട്ടലറുന്ന മാതിരി,
ഭൂമിയെ വേൾക്കുവാൻവന്ന പിശാചിന്റെ
ആദിരാത്രിക്കടൽപ്പൊള്ളുന്ന മാതിരി,
നിത്യനരകത്തിൽനിന്നുയിർക്കൊള്ളുന്നു
നീചസംഗീതച്ചിറകടിയൊച്ചകൾ.
ഇന്നുനിലാവിന്റെ കണ്ണുകൾ കയ്ക്കുമ്പോൾ,
തോരാമഴയിൽ മുറിവുകൾ തിങ്ങുന്നു,
എന്നോ മരിച്ചുമരവിച്ച ഗായിക
ഇന്നും കിനാക്കൾ വയലിനിൽനെയ്യുന്നു..
പാമ്പുകൾപോലെ ചിതറിത്തെറിക്കുന്ന
നീലമുടിയിഴ കാറ്റിൽപ്പറക്കുമ്പോൾ,
ഭൂമിയിലില്ലാത്തയജ്ഞാതമാം രാഗം
പ്രേതനിലവറയ്ക്കുള്ളിൽ പിറക്കുന്നു.
ചത്തദേഹങ്ങളിൽ മഞ്ഞുകണംപോലെ
രാത്രിസംഗീതം പടർന്നൊഴുകീടുമ്പോൾ,
നൃത്തവിദ്യാലയംപോലെ തളിർക്കുന്നു,
പ്രേതങ്ങൾ നീതിനടത്തുന്ന ചാവറ.
രാത്രിനിശബ്ദത മുറ്റിത്തഴയ്ക്കുമ്പോൾ,
മാത്രയിൽ ചെന്നായ്കൾ നാവുനുണയുമ്പോൾ,
തീരാക്കടങ്ങൾതൻ വിത്തുകൾപൊട്ടുന്നു,
കണ്ണീർക്കണങ്ങൾ കൊഴിഞ്ഞുതുടങ്ങുന്നു.
ആരും കടന്നുവരാത്തയീക്കോട്ടയിൽ,
എന്നുമുയരും വയലിന്റെ നിസ്വനം,
പ്രേതാലയത്തിലെ സംഗീതശാലയിൽ,
പ്രേമിക്കുമാത്മാക്കളൊന്നിച്ചിരിക്കുന്നു.
അസ്ഥികൾപോലും തുളയ്ക്കും വയലിന്റെ
തന്ത്രിയിൽനിന്നും കരുണയുണരുന്നു.

വിനോദ്.വി. ദേവ്.

By ivayana

Leave a Reply

Your email address will not be published. Required fields are marked *