രചന : ശോഭ.വി.എൻ പിലാക്കാവ് ✍️
ഒരുമിച്ചിരുന്ന് കളിച്ച കളികളിൽ
കാര്യവുമുണ്ടെന്ന് കണ്ടറിയുന്നു ഞാൻ!.
അന്നത്തെയോർമ്മകളിന്നിന്റെ
പാഠങ്ങളെന്ന് ഞാനറിയുന്നെന്റെയമ്മേ!
ലോകമേയമ്മയെന്നോർത്ത് കഴിഞ്ഞൊരാ
നാളുകളെത്രമേൽധന്യം തന്നെ!
പാറ്റിക്കൊഴിച്ചിടും നെന്മണിക്കുള്ളിലെ
പതിരെല്ലാം ദൂരെ പറന്നു പോകും!
അതുപോലെ സത്തായ വിത്തെല്ലാമേകി നീ
മക്കൾതൻ മനസ്സിലടുക്കി വെച്ചു!
തക്കസമയത്ത് വേണ്ടതെടുത്ത് വിതച്ചത് കൊയ്തുണ്ട് ജീവിച്ചോളൂ!
യുക്തി തൻമാർഗ്ഗേ കരേറിയുയർന്നാലും
ഭക്തിയും ചേർത്ത് പൊരുത്തപ്പെടുത്തണം !!
നിത്യവൃത്തിക്കുതകണം തൻവിയർപ്പെന്നൊരു
കാർക്കശ്യമുള്ളിൽ പതിപ്പിച്ചു!
ചൊല്ലാനിനിയുമേറെയുണ്ടാകിലെന്തുനീ
പാതിവഴിയിലിരുളിലായി !!
ഏറിയ വഴികളിലൊളിയായി മിന്നിയ വാണികളി –
ന്നെനിക്കൂർജ്ജമായി!
കൺകണ്ട ദൈവമേ കാണാമറയത്തെങ്കിലും
നൽകുന്നെന്നമ്മയ്ക്കൊരുമ്മ!!🙏🌹❤️

