രചന : ഷിൽജി സാമുവേൽ ✍️
അന്ന് സാധാരണമായ ഒരു ദിവസമെന്ന പോലെ തന്നെ തുടങ്ങി…
പക്ഷേ അത് എന്റെ ജീവിതത്തിലെ ഏറ്റവും ഭാരമുള്ള ദിവസമായി മാറുമെന്ന് എനിക്ക് അറിയില്ലായിരുന്നു.
അച്ഛനെ സ്കാൻ ചെയ്യാൻ ആശുപത്രിയിലേക്ക് കൊണ്ടുപോയ ദിവസം…
ഞാൻ പഠിച്ചതും ജോലി ചെയ്തതുമായ അതേ ആശുപത്രി ആയതുകൊണ്ട്
എല്ലാം എനിക്ക് പരിചിതമായിരുന്നു…
അവിടത്തെ … വഴികൾ… ആളുകൾ…
എല്ലാം എനിക്ക് സ്വന്തമായ പോലെ തോന്നുന്ന സ്ഥലം
പക്ഷേ ആ ദിവസം…
അതെല്ലാം അന്യമായി തോന്നി.
സ്കാൻ കഴിഞ്ഞ് കുറച്ച് നേരം കാത്തിരിക്കേണ്ടി വന്നു…
അച്ഛൻ ചിരിച്ചുകൊണ്ട് ചെറിയ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നു…
ഈ കുട്ടിയുടെ ഒരു പേടി
ഇത് ഒക്കെ ഒരു ചെറിയ പ്രശ്നം മാത്രമേയുള്ളൂ…എന്ന പോലെ…
അച്ഛന്റെ ശബ്ദത്തിൽ ഭയം ഇല്ലായിരുന്നു…
പക്ഷേ എന്റെ ഹൃദയം എന്തോ
എന്നോട് അപകടം പറഞ്ഞു കൊണ്ടിരുന്നു…
റിപ്പോർട്ട് വന്നപ്പോൾഡോക്ടർ
എന്നെ അകത്തേക്കു വിളിച്ചു…
ആ വിളി തന്നെ എനിക്ക് ഒരു മുന്നറിയിപ്പ് ആയിരുന്നു.
ഡോക്ടറിന്റെ മേശയ്ക്കു മുന്നിൽ ഞാൻ ഇരിക്കുമ്പോൾ
ഒന്നും പറയാതെ എന്റെ മുഖത്ത് നോക്കിയിട് റിപ്പോർട്ട് എനിക്ക് നേരെ നീട്ടി
ആ കണ്ണുകളിൽ ഞാൻ ഒരു സത്യം കണ്ടു…
പറയാൻ ബുദ്ധിമുട്ടുള്ള ഒരു സത്യം…
റിപ്പോർട്ട് എന്റെ കൈയിൽ…
എന്റെ കൈകൾ ചെറുതായി വിറച്ചു… ഞാൻ അത് തുറന്നു…
എന്റെ ലോകം തകർന്നുപോകാൻ
മാത്രം ശക്തിയുണ്ടായിരുന്നു ആ വാക്കിന്
Bone Cancer… ശരീരം മുഴുവൻ ആയിരിക്കുന്നു
അത് വായിച്ച നിമിഷം
എന്റെ കണ്ണുകൾ സമുദ്രമായി
ശരീരത്തിനു…. എനിക്ക് താങ്ങാൻ കഴിയാത്ത ഭാരം തോന്നി
ഭൂമി തന്നെ എന്റെ ചുറ്റും കറങ്ങുന്നതുപോലെ തോന്നി…
എനിക്ക് ഒന്നും കേൾക്കാൻ പറ്റിയില്ല…
ഒന്നും കാണാൻ പറ്റിയില്ല
നീ വേണം അവരെ പറഞ്ഞ് മനസ്സിലാക്കാൻ… ഡോക്ടറിന്റെ
ആ വാക്ക്…
എന്നിൽ ഒരു ഉത്തരവാദിത്തമായി വീണു…
കുറച്ചു നിമിഷങ്ങൾക്കകം
ഞാൻ എന്നെ തന്നെ തിരികെ എടുത്തു…
കാരണം ഞാൻ ഒരു മകളാണ്…
പക്ഷേ അതിനേക്കാൾ
ഞാൻ ആ വീട്ടിന്റെ കരുത്താണ്…
ഞാൻ തളർന്നാൽ എല്ലാവരും തളരും…
കണ്ണീരിനെ ഒതുക്കി
മുഖത്ത് ഒരു ചെറിയ ചിരി വരച്ചു
അച്ഛന്റെ മുന്നിലേക്ക് നടന്നു…
എന്താ മോളെ റിപ്പോർട്ട് ?
എന്റെ ഹൃദയം നിലവിളിച്ചു…
പക്ഷേ എന്റെ ശബ്ദം ശാന്തമായി…
ഒന്നും വലിയ പ്രശ്നമില്ല അച്ചാ…
ചില ട്രീറ്റ്മെന്റ് എടുത്താൽ മതി…
അച്ഛൻ ആശ്വാസത്തോടെ ചിരിച്ചു…
ആ ചിരി…
എന്റെ മനസ്സ് കൂടുതൽ തകർന്നു…
അന്ന് മുതൽ
ഓരോ ദിവസവും
അച്ഛന്റെ വേദന കൂടുമ്പോൾ
എന്റെ മനസ്സും മുറിഞ്ഞു കൊണ്ടിരുന്നു
പക്ഷേ ഞാൻ കരഞ്ഞില്ല…
ഏറ്റവും നല്ല സംരക്ഷണവും സന്തോഷവും കൊടുക്കേണ്ട സമയം.
ദിവസങ്ങൾ കടന്നു പോയി…
വേദനകൾ കൂടി…എങ്കിലും…
അച്ഛന്റെ കൈ പിടിച്ച് ഞാൻ നിന്നു…
അച്ഛന്റെ കണ്ണുകളിൽ ഞാൻ കണ്ടത്
ഭയം അല്ല…
എന്നെ വിശ്വസിക്കുന്ന ഒരു ആശ്വാസം…
ഞാൻ അച്ഛന്റെ കരുത്തായി…
ആശുപത്രിയിൽ പോകണ്ട മോളെ
എന്നു പറഞ്ഞത് ശരീരം അനങ്ങുമ്പോൾ ഉള്ള വേദന കൊണ്ട് എന്നറിയാൻ മറ്റാരേക്കാളും എനിക്ക് കഴിഞ്ഞു..
ആദ്യമായി chemotherapy injection
ഞാൻ വീട്ടിൽ എടുത്തു..
ഒരു കുഞ്ഞിനെ പോലെ നോക്കി..
വീട്ടകലും വരെ..
ഇന്ന്… ഓരോ വീടുകളിൽ അച്ഛനും അമ്മയും ഭാരമാകുന്നു
പാടില്ല… ജീവനും ജീവിതവും മക്കൾക്ക് വേണ്ടി ബലി കൊടുത്തവർക്ക് അവസാന കാലം സന്തോഷവും സമാധാനവും കൊടുക്കാൻ നമുക്ക് കഴിയണം.!
