ഒത്തൊരുമിച്ചുള്ളൊരീ
യാത്ര കഴിയാറായ്
എത്ര കടമ്പകൾ താണ്ടി
നടന്നു നമ്മൾ!
നമ്മുടെ യാത്രയെ പണ്ട്
പൂഛിച്ചു തള്ളിയോർ
നാട്ടുപ്രമാണികൾ
മുട്ടുമടക്കിയല്ലോ?
ചാഞ്ഞും ചരിഞ്ഞും നാം
തോണി തുഴഞ്ഞന്ന്
ചാകരയില്ലാതെ തീരത്ത്
അണഞ്ഞെന്നാലും
തിരിഞ്ഞൊന്നു നോക്കുക
എത്ര സുകൃതം ജീവിതം
ഇന്നു നാം ഉള്ളത്
സ്വർഗ്ഗ ലോകത്തിലോ?
വിവേചനത്തിന്റെ മുൾ
വേലികൾ നാമിന്ന്
വിവേകം കൊണ്ടിതാ
തകർത്തെറിഞ്ഞു
വിലയിടിക്കുന്നവർ
വിലപിക്കുന്ന കാഴ്ചകൾ
കണ്ടാൽ ആ കണ്ണുകൾ
തുടക്കുന്നു നമ്മൾ…
മനുഷ്യനെ മനുഷ്യനായ്
കാണാത്ത മാനവാ
മറക്കുക നീ നിന്റെ
സ്വർഗ്ഗ രാജ്യം
മതിലില്ല മറയില്ല
തുല്യത കാണുക
മതിയിനി നിന്നുടെ
താമ്രപത്രം
സമത്വത്തിൻ പാതകൾ
വെട്ടിത്തുറന്നിതാ
സത്യവും ധർമ്മവും
പുലരുന്നു നാട്ടിൽ
ഇടക്കൊന്നു നിൽക്കുക
തിരിഞ്ഞൊന്നു നോക്കുക
ഇനിയുമാ മൂല്യങ്ങൾ
ബാക്കിയുണ്ടോ?
നഷ്ടമായ് പോയൊരാ
നല്ല കാലത്തിന്റെ
നാഡി മിടിപ്പിന്നും നമ്മൾ
ചെവീയോർക്കുന്നു
ഇനിയുമാ പൈതൃകം
മണ്ണിട്ടു മൂടാതെ
ഇനിവരും തലമുറക്കായ്
പാത്തു വെക്കാം
ഇന്നിതു ചെയ്യേണ്ട
നമ്മൾ മറന്നെങ്കിൽ
ഓർക്കുക നാം വെറും
കളിമൺ പ്രതിമ മാത്രം!

മോഹനൻ താഴത്തേതിൽ


By ivayana