നടന്നു നീങ്ങുക തളർന്നിടാതെയും
തളർത്തിടാൻ വെയിൽ തിളയ്ക്കും വേളയിൽ;
തണൽ വിരിക്കുവാൻ കൊഴിഞ്ഞ ചില്ലകൾ
ചതുപ്പു തീണ്ടുമീ പ്രകൃതി തന്നിലും.
തെളിഞ്ഞനീർക്കണ,മകലെ കണ്ടിടാം
അടുത്തുചെല്ലവേ ചെളി നിറഞ്ഞതും.
പെരുത്തദാഹമോ വരണ്ടതൊണ്ടയിൽ
കുരുങ്ങിവാക്കുകള്‍ മുറിഞ്ഞിടുംനേരം
എരിഞ്ഞു ജീവിതം പുകച്ചുരുളാലെ
പുകഞ്ഞചങ്കിന്റെ മണംപടർത്തിയും
കപടപുഞ്ചിരി വിടർത്തിയെത്തിടും
സ്വാർത്ഥചിന്തകർ വികൃതരൂപരായ്
കവചവാഹനം പായും മിന്നലായെങ്ങും
കരുതിവേണമീ ചുവടുവയ്ക്കുവാൻ
കരുക്കളായവർ തെളിക്കുംവേളയിൽ
ഉറഞ്ഞുതുള്ളണം കരുത്തുകാട്ടുവാൻ
മടിച്ചുനിൽക്കുകിലു,രിഞ്ഞിടുമവർ
അരമറയ്ക്കുന്ന ചെറുചരടതും
പണിതുതന്നിടാം ഗൃഹമതെന്നെല്ലാം
പതിവുരീതിതൻ ചതിക്കുഴിമാത്രം
പണിയുംനിങ്ങളിൽ പലവിധദോഷം
പകരമൊന്നിനും പഴുതുകാണാതെ!
മറഞ്ഞുനിൽക്കുവാൻ മറതിരയാതെ
ചെറുത്തുനിൽക്കുക ശ്വസിക്കുവാനായി.
ഭയമതില്ലാതെ വസുധതന്നിലും
പടർന്നിടേണം നാം ഒരുമയോടൊപ്പം
ചതിക്കുവാൻചിന്ത പലവിധത്തിലും
അടുത്തുകൂടുമേ കരുതുക നമ്മൾ!
നമുക്ക് നേതാവായൊരുത്തൻ മാത്രമേ
നയിക്കുമീശ്വരൻ, ഭയമവനിലും!
കരപത്രകച്ചുഴിയിൽ വീഴാതെ നാം
കരുതിജീവിതം ധന്യമാക്കീടണം!

സന്തോഷ്‌ ഇളപ്പുപാറ

By ivayana

Leave a Reply

Your email address will not be published. Required fields are marked *