രചന : റഹീസ് മുണ്ടക്കര ✍️
കരയിലിരുന്നു നീ കാണുന്നതെന്റെ കൈവീശലല്ല,
മുങ്ങിമരിക്കാതിരിക്കാനുള്ള അവസാനത്തെ കസർത്ത്!
തീരത്തെ സുരക്ഷിതമായ മരത്തണലുകൾ വിട്ട്
ഒരിക്കലെങ്കിലും നീ ഈ ആഴത്തിലേക്ക് ഊളിയിടണം.
പുറത്തെ പ്രശാന്തതയുടെ പച്ചപ്പല്ലിത്,
അടിത്തട്ടിൽ ശ്വാസം മുട്ടിക്കുന്ന
മരവിച്ച ഇരുട്ടിന്റെ സാമ്രാജ്യമാണ്.
അവിടെയൊരു ചുഴിയുണ്ട്—
എന്നെ വിഴുങ്ങാൻ വായ പിളർന്നു നിൽക്കുന്ന
മരണത്തിന്റെ ഒരു നീലച്ചുഴി.
ഞാൻ കുടിച്ചിറക്കിയ കയ്പ്പുവെള്ളം
നിന്റെ തൊണ്ടയിലും ഒന്നു തടയണം;
അപ്പോഴറിയാം,
കൈവീശുന്നത് യാത്രയയപ്പിനല്ല,
കരകാണാത്തൊരുവന്റെ നിലവിളിക്കാണെന്ന്.
എന്റെ മൗനത്തിന്റെ ആഴമളക്കാൻ
നീ നിന്റെ അളവുകോലുകൾ മാറ്റിവെക്കുക;
പകരം,
ചോരവാർന്നു കിടക്കുന്ന എന്റെ മുറിവുകളിലൂടെ
ഭ്രാന്തുപിടിച്ചൊരുവനെപ്പോലെ നീന്തി നോക്കുക!
𝓻𝓪𝓱𝓮𝓮𝓼…
