രചന : തോമസ് കാവാലം. ✍️
പ്രാചിയിലർക്കപ്രഭാപൂരത്തിൽ
പ്രായേണ പ്രാണിതന്നുത്സാഹത്തിൽ
പ്രാർത്ഥനാ ഗാനങ്ങൾ ചൊല്ലുന്നപോൽ
പാരിനെ കുമ്പിട്ടു വന്ദിക്കാം ഞാൻ.
താപം സഹിക്കവയ്യാതെയെങ്ങും
താളം തെറ്റീടുന്നു ജീവിതങ്ങൾ
മേലേക്കു നോക്കിയ മർത്യരെല്ലാം
മാലെല്ലാം നീക്കുവാൻ യത്നിക്കുന്നു.
മേഘത്തിൻ തുമ്പു പറന്നിടുന്നു
മാമരച്ചില്ലയെ മുത്തി മുത്തി
എന്നിട്ടും പെയ്യാതെയെന്നെനോക്കി
മന്നിതിൽ മാനുഷ്യ വ്യഗ്രതകൾ.
ചാതകജാലങ്ങൾ ഹർഷമോടെ
ചാരത്തണഞ്ഞതാ വർഷത്തിനായ്
കൊറ്റികൾ കൊക്കുന്ന കുക്കുടങ്ങൾ
ചുറ്റി തിരിയുന്നു മ്ലാനമോടെ.
വറ്റിവരണ്ടുള്ള നെൽപ്പാടങ്ങൾ
അറ്റം തിരയുന്ന നീർച്ചാലുകൾ
കാടിന്റെ തീവ്രമാം വെമ്പലുകൾ
മേടിനും വേദന നൽകീടുന്നു.
തീറ്റയ്ക്കായ് വെമ്പുന്ന ഛാഗലങ്ങൾ
ഒറ്റ തിരിഞ്ഞുള്ള മാനുഷ്യരും
ആറ്റക്കിളികൾതൻ കൂട്ടങ്ങളും
മുറ്റും മുറിവേറ്റു മേവിടുന്നു.
മേഘമേ, എങ്ങു നീ പാഞ്ഞിടുന്നു
മണ്ണിന്റെ വേദന കാണുന്നില്ലേ?
ഇന്നല്ലെങ്കിൽ പിന്നെ നീ എന്നു വരും
മണ്ണിന്റെ ഹൃത്തടം ആർദ്രമാക്കാൻ?
മേഘങ്ങളായി നീ മാനത്തുണ്ടേൽ
മാരിവില്ലിന്റെതാം ശോഭയുണ്ടേൽ
പോകുന്ന പോക്കിൽ നീ എന്നെ കണ്ടാൽ
പെയ്യാതിരിക്കുന്നതെങ്ങനെയോ?
ഞാനെത്ര വീശിയീ മണ്ണിടത്തിൽ
ഞാനത്ര ദൂരത്തു നിന്നാകിലും
പാരിനെ ഊഷ്മളമാക്കുകിലും
വേരിനു നീ തന്നെ ജീവജലം.

