ശ്രീകുമാർ ഉണ്ണിത്താൻ ✍️
പാറ്റേഴ്സൺ (ന്യൂജേഴ്‌സി): പ്രവാസി മലയാളി സമൂഹത്തിനും സീറോ മലബാർ സഭയ്ക്കും അഭിമാന നിമിഷമായി ന്യൂജേഴ്സിയിലെ പാറ്റേഴ്സൺ സെന്റ് ജോർജ് ദേവാലയത്തിൽ ചരിത്ര സംഭവം ഒരുങ്ങുന്നു. ഒരേ ഇടവകയിൽ വളർന്ന രണ്ട് മലയാളി യുവാക്കൾ ഒരേസമയം പൗരോഹിത്യത്തിലേക്ക് ഉയർത്തപ്പെടുന്നു എന്ന അപൂർവ്വ നേട്ടത്തിനാണ് വിശ്വാസിസമൂഹം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഡീക്കൻ സാം കുട്ടപ്പശ്ശേരിയും ഡീക്കൻ മൈക്കിൾ ജെയിംസുമാണ് വിശുദ്ധ പൗരോഹിത്യം സ്വീകരിക്കുന്നത്.
പാറ്റേഴ്‌സണിലെ ഗെറ്റി അവന്യൂവിലുള്ള സെന്റ് ജോർജ് ദേവാലയത്തിൽ ശനിയാഴ്ച രാവിലെ പത്തിനാണ് തിരുക്കർമ്മങ്ങൾ ആരംഭിക്കുക. ചിക്കാഗോ സെന്റ് തോമസ് രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് മുഖ്യകാർമ്മികത്വം വഹിക്കും. ഇടവകയുടെ പ്രാരംഭ ഘട്ടത്തിൽ പത്തു വർഷത്തോളം സേവനം ചെയ്ത മാർ ജോയ് ആലപ്പാട്ട്, അന്ന് തന്റെ കീഴിൽ വിശ്വാസ പരിശീലനം നേടിയ രണ്ട് മക്കളെ വൈദികരായി അഭിഷേകം ചെയ്യുന്നു എന്ന പ്രത്യേകതയും ഈ ചടങ്ങിനുണ്ട്.
ഇന്ത്യയ്ക്ക് പുറത്തുള്ള രൂപതകളിൽ പൗരോഹിത്യ ദൈവവിളികൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ, ഒരേ ഇടവകയിൽ നിന്നുള്ള ആദ്യതലമുറക്കാരായ രണ്ട് പ്രവാസി മലയാളി യുവാക്കൾ ഒരുമിച്ച് വൈദികരാകുന്നത് സഭയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ്.
ഡീക്കൻ സാം കുട്ടപ്പശേരി റട്‌ഗേഴ്‌സ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ ശേഷം ഇല്ലിനോയിസിലും റോമിലുമായി വൈദിക പഠനം പൂർത്തിയാക്കി. ന്യൂജേഴ്‌സിയിലെ റോബി – സിസി ദമ്പതികളുടെ മകനാണ്. ഡീക്കൻ മൈക്കിൾ ജെയിംസ് കാൾഡ്‌വെൽ സർവകലാശാലയിൽ നിന്ന് ബയോളജി ബിരുദത്തിന് ശേഷമാണ് മണ്ടലീൻ സെമിനാരിയിൽ നിന്ന് ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയത്. ജെയിംസ് – ഷേർളി ദമ്പതികളുടെ മകനാണ്.
തിരുക്കർമ്മങ്ങൾക്ക് ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് അനുമോദന സമ്മേളനവും തുടർന്ന് രണ്ട് മണിക്ക് ഉച്ചഭക്ഷണ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.
ജൂൺ 14 ഞായറാഴ്ച രാവിലെ 9:30 ന് ഡീക്കൻ സാം കുട്ടപ്പശേരിയും 11:30-ന് ഡീക്കൻ മൈക്കിൾ ജെയിംസും തങ്ങളുടെ പ്രഥമ ദിവ്യബലി അർപ്പിക്കും. ഇടവക വികാരി ഫാ. സിമ്മി തോമസിന്റെയും കൈക്കാരന്മാരുടെയും നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. മെയ് 15-നകം പങ്കെടുക്കുന്നവർ വിവരങ്ങൾ വെബ്‌സൈറ്റ് (www.sgsmccpaterson.com) വഴി അറിയിക്കണമെന്ന് ട്രസ്റ്റിമാർ അറിയിച്ചു.
https://www.sgsmccpaterson.com/priestly-ordination-2026
