രചന : റുക്സാന ഷമീർ ✍️
കാലത്തിൻ്റെ കൈപിടിച്ചു
ഞാൻ നടന്നെത്തുമ്പോൾ ……
ഭൂമി ചമഞ്ഞൊരുങ്ങിയിരുന്നു
മാറുന്ന കാലത്തോടൊപ്പം
മാറിക്കൊണ്ടേയിരിക്കേണ്ടിവന്ന
മണ്ണിന് തലകറങ്ങുന്നുണ്ടാവാം
മണ്ണ് പലപ്പോഴും തളർന്നു കിതച്ചു ….!
വാക്കുകളെ വിഴുങ്ങി മൗനത്തെ
ചുരുട്ടി പുകവലിക്കുന്ന മനുഷ്യർക്കും ……
ചുണ്ടിലെ ചിരിമായ്ച്ച്
ഗർവ്വിനെ ഒട്ടിച്ചു വെക്കുന്ന മനുഷ്യർക്കുമിടയിലൂടെ
ഞാൻ നടന്നു…..!
ആർക്കുമൊന്നും പറയാനുണ്ടായിരുന്നില്ല….!
മൗനത്തിൻ്റെ പുകമറക്കുള്ളിൽ
ഒന്നുമിണ്ടാൻ കൊതിക്കുമ്പോൾ …..
അളന്നുമുറിച്ച വാക്കുകൾ പെറുക്കിയെറിഞ്ഞ്
മൊബൈൽ സ്ക്രീനിൻ്റെ
ഒരു തുണ്ടു വെട്ടത്തിലേക്ക്
കുനിഞ്ഞു കൂടിയിരിക്കുന്നവർ….!
പ്രഭാതവും സന്ധ്യയും ആരെയും തൊടുന്നുണ്ടായിരുന്നില്ല..!
ചാറ്റൽ മഴ പോലെ ദിനങ്ങൾ
കൊഴിഞ്ഞു തീരുന്നതും
ആരും അറിയുന്നുണ്ടാവില്ല……
എനിക്ക് മാത്രം മിണ്ടണമായിരുന്നു…..!
കൊലുസുകിലുക്കി ശൃംഗരിക്കുന്ന
എൻ്റെ പകലിനെ കുറിച്ച്……
സിന്ദൂരം ചാർത്തി നിറകണ്ണുകളോടെ
വിടവാങ്ങുന്ന എൻ്റെ സന്ധ്യയെ കുറിച്ച് …..
തണുത്തു വിറച്ച് കരിമ്പടം പുതച്ചുറങ്ങുന്ന
എൻ്റെ രാവിനെ കുറിച്ച് …..!
മഴ പെയ്യുമ്പോൾ …..
മഞ്ഞുപെയ്യുമ്പോൾ ….
നിലാവ് പെയ്യുമ്പോൾ …..
ആരും കാണുന്നില്ലേ…?
കിളികൾ ചിലയ്ക്കുന്നതും
കുയിലുകൾ പാടുന്നതും
ആരും കേൾക്കുന്നില്ലേ….?
വായും ചെവിയും മൂടിക്കെട്ടിയവർക്കിടയിൽ
പലപ്പോഴും എനിക്ക് ശ്വാസം മുട്ടുന്നു….!
ബാല്യത്തിലേക്ക് തിരിച്ചിറങ്ങാൻ
ആരെങ്കിലും ഒരു ഗോവണി
ചാരി വെച്ചിരുന്നെങ്കിൽ…..
എന്ന് കൊതിച്ചു പോയിട്ടുണ്ട്…..!!
പഴയ പോലെ പറഞ്ഞു തീരാത്തതൊക്കെയും
പറയണമായിരുന്നു…..!!
കരിവളകൾ പോലെ പൊട്ടിച്ചിരിക്കണമായിരുന്നു…..!
വസന്തങ്ങളുടെ ആ പകൽക്കാലത്തിൻ്റെ
താക്കോൽക്കൂട്ടം
എവിടെയോ കളഞ്ഞു പോയപ്പോൾ …….
വഴി മറന്ന് വിതുമ്പിക്കരയുന്ന
പെൺകിടാവിനെ പോലെ
എങ്ങോട്ടു നടക്കണമെന്നറിയാതെ
വഴിവക്കിൽ പലപ്പോഴും
ഞാൻ നിന്നു പോയിട്ടുണ്ട്…..!
കാലം എത്ര പുരോഗമിച്ചാലും
പഴയ വീഞ്ഞ് പുതിയ കുപ്പിയിലായെന്നേയുള്ളു….!!
