രചന : കലാരത്നംഗോപിക. ✍️
കണ്ണെത്താ ദൂരത്തൊരു തിളക്കമുണ്ട്
കൈയെത്താ നേരത്തൊരു കൊതിപ്പുമുണ്ട്
കാണാപൊന്നിനെ
കാണാനെനിക്കെന്റെ നെഞ്ചിനകത്തൊരു വീർപ്പുമുണ്ട്
ആരോപറഞ്ഞൊരു കഥയല്ലയിത്
ആരും കാണാത്തൊരു നിധിയല്ലിത്
അറിയാതിരിക്കുമ്പോൾ
തേടുന്നുമനസ്സിന്റെ
അറിയാത്ത തീരത്തേ
നിശ്വാസങ്ങൾ
പകലിൻ വെയിലിലും
പൂത്തനിലാവിലും
തേടിനടന്നു ഞാൻ കാത്തു നിന്നൂ
കാണാപൊന്നേ, നീ എവിടെയൊളിച്ചാലും
ഞാനെന്റെ പൊന്നിനെ
കണ്ടിരിക്കും
കാലം കരുതിയ കള്ളത്തരങ്ങളോ
കാല്പനികം വെറും സ്വപ്നങ്ങളോ
കിട്ടാത്തതെല്ലാം പൊന്നാക്കുമല്ലോ
കിട്ടിയാലോഅത് മണ്ണായ്മാറും
എന്നിട്ടുമെന്തേ തേടുന്നു നിന്നെ
എന്നിലെ ബാല്യം മരിച്ചിട്ടുമില്ലാ
കാണാപൊന്നേ, നീ മിഥ്യയല്ലെങ്കിലും
കാണുന്നതൊരുതരം മധുരമല്ലോ
കൈവിട്ടുപോയ ബാല്യത്തിൻ ചിരിയോ
കൈവരാനുള്ള പ്രണയത്തിൻ മൊഴിയോ
കാണാതെപോയ അമ്മത്തണലോ
കാണാപൊന്നായ് നെഞ്ചിലുറങ്ങും
ഇനിയും ഞാൻ തേടും, തളരാതെ തേടും
ഇനിയുള്ള നാളു നിന്നോർമ്മകൾപാടും
കിട്ടിയില്ലെങ്കിലും സാരമില്ല പൊന്നേ
കാത്തിരിപ്പിൻ സുഖംവേറേതന്നേ
