ഒടുവിൽ എന്റെ മരണം
ഒരു വലിയ ശബ്ദമായിരിക്കില്ല…
സന്ധ്യയുടെ നെറ്റിയിൽ നിന്ന്
ഒരു പൊൻകിരണം ഊർന്നുവീഴുന്നതുപോലെ,
പഴുത്ത ഇലയുടെ കൈവിരലിൽ നിന്ന്
കാറ്റ് ഒരു പച്ച ഓർമ്മ അഴിച്ചെടുക്കുന്നതുപോലെ,
നിശ്ശബ്ദമായൊരൊഴുക്ക്
എന്നിൽ നിന്ന് എന്നെ കൊണ്ടുപോകും.
അന്ന് എന്റെ മുറിയിൽ
അപ്പോഴും പുസ്തകങ്ങൾ തുറന്നുകിടക്കും,
പകുതിയെഴുതിയ വാക്കുകൾ
കടലാസിന്റെ അരികിൽ ഉറങ്ങിക്കിടക്കും,
ആരോടും പറയാതെ സൂക്ഷിച്ച
ചില സ്നേഹങ്ങൾ
നെഞ്ചിലെ പഴയ അലമാരയിൽ
പൊടിപിടിച്ച നിലയിൽ അവശേഷിക്കും.
ഞാൻ പോയശേഷം
ജാലകത്തിനപ്പുറം നിൽക്കുന്ന മരം
ഒരുദിവസം പോലും ദുഃഖിക്കില്ല,
ആകാശം അതിന്റെ നീല നിറം മാറ്റില്ല,
പക്ഷികൾ പതിവുപോലെ
പ്രഭാതത്തിന്റെ കവിത പാടും.
പക്ഷേ…
എന്നെ ഒരിക്കൽ സ്നേഹിച്ചൊരാൾ
പഴയൊരു ചിത്രത്തിൽ വിരൽ തൊടുമ്പോൾ,
അറിയാതെ ഒരു നെടുവീർപ്പ്
കണ്ണുകളുടെ അരികിൽ പൂക്കും.
എന്നെ ഓർത്തൊരാൾ
ഒരു വഴിത്തിരിവിലൂടെ നടക്കുമ്പോൾ,
“ഇവിടെ വെച്ചല്ലേ…” എന്ന് തുടങ്ങി
പറയാതെ മുറിഞ്ഞുപോകുന്ന
ഒരു വാചകമായി ഞാൻ മാറും.
ഒടുവിൽ എന്റെ മരണം
എന്റെ അവസാനമല്ല;
ഞാൻ കൊടുത്ത സ്നേഹത്തിന്റെ
ചെറിയ വിത്തുകൾ
ആരുടെയൊക്കെയോ ഹൃദയമണ്ണിൽ
മുളച്ചുകൊണ്ടിരിക്കും.
എന്റെ ശബ്ദം ഇല്ലാതായാലും
ഞാൻ പറഞ്ഞ നല്ല വാക്കുകൾ
സന്ധ്യക്കാറ്റുപോലെ
ആരുടെയെങ്കിലും ഏകാന്തതയെ തഴുകും.
അങ്ങനെ,
ഒരു ദിവസം
എന്റെ പേരും മുഖവും മാഞ്ഞുപോയാലും,
എന്നിൽ നിന്ന് ഒരിക്കൽ പുറപ്പെട്ട
സ്നേഹത്തിന്റെ വെളിച്ചം മാത്രം
ഇരുണ്ടുപോകാതെ,
മറ്റൊരാളുടെ ജീവിതത്തിൽ
ഒരു വിളക്കായി കത്തിക്കൊണ്ടിരിക്കും…
അതാണ്,
ഒടുവിൽ എന്റെ മരണത്തിന് ശേഷവും
എന്നിൽ ബാക്കിയാകുന്ന ജീവിതം. 🌾

റഫീഖ് പുളിഞ്ഞൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *