പണ്ട് വിദേശികൾ നമ്മുടെ മണ്ണിലേക്ക് കപ്പലിറങ്ങിയത് ഇവിടുത്തെ സുഗന്ധദ്രവ്യങ്ങൾ തേടിയായിരുന്നു. കറുത്ത പൊന്നിന്റെയും ഏലത്തിന്റെയും സുഗന്ധം പിടിച്ച് കടൽ കടന്നുവന്നവർ ഒടുവിൽ നമ്മുടെ രാജ്യത്തിന്റെ ഭരണചക്രം തന്നെ കൈക്കലാക്കിയ ചരിത്രം നമുക്ക് മുന്നിലുണ്ട്. അന്ന് ഭൗതിക സമ്പത്തായിരുന്നു അവരുടെ ലക്ഷ്യമെങ്കിൽ, ഇന്ന് ആഗോള കുത്തകകൾ ലക്ഷ്യമിടുന്നത് ‘ഡാറ്റ’ എന്ന പുതിയ കാലത്തെ സ്വർണ്ണത്തെയാണ്. നമ്മളറിയാതെ നമ്മുടെ സ്വകാര്യതകളിലേക്ക് തുളച്ചുകയറുന്ന ഈ ഡിജിറ്റൽ അധിനിവേശം നാളെ നമ്മെ എവിടെയെത്തിക്കും എന്ന ചോദ്യം ഏറെ പ്രസക്തമാണ്. നാളെ ബഹുരാഷ്ട്ര കുത്തകകൾ ഈ ഡാറ്റ ദുരുപയോഗം ചെയ്യില്ല എന്ന് ഉറപ്പിച്ചു പറയാൻ ഒരു തെളിവുമില്ല എന്നതാണ് അപ്രിയമെങ്കിലും പരമാർത്ഥമായ സത്യം.

പണ്ട് വിപണി പിടിച്ചടക്കാൻ സാമ്രാജ്യത്വ ശക്തികൾ യുദ്ധങ്ങൾ നയിച്ചെങ്കിൽ, ഇന്ന് യുദ്ധം നടക്കുന്നത് മനുഷ്യന്റെ മനസ്സുകളിലാണ്. നമ്മൾ എന്ത് ചിന്തിക്കണം, എന്ത് വാങ്ങണം, ആരെ വിശ്വസിക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം വൻകിട കോർപ്പറേറ്റുകൾ പതുക്കെ കൈക്കലാക്കുകയാണ്. നമ്മുടെ താല്പര്യങ്ങൾ, ചിന്തകൾ, രാഷ്ട്രീയ നിലപാടുകൾ, സാമ്പത്തിക ശേഷി എന്നിവയെല്ലാം അടങ്ങുന്ന ഡിജിറ്റൽ വിവരങ്ങളാണ് ഇന്ന് അവരുടെ ഏറ്റവും വലിയ മൂലധനം.

ഇതൊരു വെറും ഭാവനയോ ഭീതിയോ അല്ല. ഫേസ്ബുക്ക് ഉപയോക്താക്കളുടെ ഡാറ്റ ചോർത്തിക്കൊണ്ട് ജനാധിപത്യ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളെപ്പോലും അട്ടിമറിക്കാൻ കോർപ്പറേറ്റ് കമ്പനികൾക്ക് കഴിഞ്ഞു എന്ന് ‘കേംബ്രിഡ്ജ് അനലിറ്റിക്ക’ വിവാദത്തിലൂടെ ലോകം കണ്ടതാണ്. മനുഷ്യന്റെ ഉപബോധമനസ്സിനെ കൃത്രിമമായി നിയന്ത്രിക്കാനും ചിന്തകളെ സ്വാധീനിക്കാനും ഡാറ്റയ്ക്ക് സാധിക്കും എന്നതിന്റെ വലിയ തെളിവാണിത്. ഡിജിറ്റൽ ലോകത്ത് നമ്മൾ സുരക്ഷിതരാണെന്ന ധാരണ വെറും ഭ്രമം മാത്രമാണ്.

ഇന്ത്യയിൽ ഡിജിറ്റൽ വ്യക്തിഗത വിവര സംരക്ഷണ നിയമങ്ങൾ വരുന്നുണ്ടെങ്കിലും, അതിർത്തികൾക്കപ്പുറത്തിരുന്ന് പ്രവർത്തിക്കുന്ന ആഗോള കുത്തകകളെ പൂർണ്ണമായി കെട്ടിയിടാൻ നിലവിലെ നിയമ സംവിധാനങ്ങൾക്ക് പലപ്പോഴും പരിമിതികളുണ്ട്. സാങ്കേതികവിദ്യ വളരുന്ന വേഗതയിൽ നിയമങ്ങൾ മാറുന്നില്ല എന്നതാണ് യാഥാർത്ഥ്യം. പല ഡിജിറ്റൽ സേവനങ്ങളും ആപ്പുകളും നമ്മൾ ‘സൗജന്യമായി’ ഉപയോഗിക്കുമ്പോൾ ഒരു കാര്യം ഓർക്കുക: “നമ്മൾ പണം നൽകുന്നില്ലെങ്കിൽ അവിടെ നമ്മൾ തന്നെയാണ് ഉൽപ്പന്നം!” നമ്മുടെ സ്വകാര്യതയും താല്പര്യങ്ങളും വിറ്റാണ് ആ ‘സൗജന്യങ്ങൾ’ നമ്മൾ വാങ്ങുന്നത്.
പണ്ട് ഈസ്റ്റ് ഇന്ത്യ കമ്പനി വ്യാപാരത്തിനായി വന്ന് രാജ്യം ഭരിച്ചതുപോലെ, നാളെ ഈ ഡാറ്റാ കുത്തകകൾ ഡിജിറ്റൽ ലോകത്തെ പുതിയ ഭരണാധികാരികളാകുമോ എന്ന ഭയം തികച്ചും ന്യായമാണ്. ‘വിശ്വാസം’ എന്നതിനപ്പുറം, അവർ നമ്മുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യില്ല എന്നതിന് യാതൊരു ഉറപ്പുമില്ല. അതുകൊണ്ടുതന്നെ ഡിജിറ്റൽ കാലത്തെ ഈ പുതിയ അധിനിവേശത്തിനെതിരെ വലിയ ജാഗ്രതയും ബോധവൽക്കരണവും ആവശ്യമാണ്. നമ്മുടെ ചിന്തകൾ നമുക്ക് തന്നെ കാത്തുസൂക്ഷിക്കാം; അവ മറ്റാരുടെയും ലാഭത്തിനുള്ള ഉപകരണങ്ങളാകാതിരിക്കട്ടെ.

ഇങ്ങനെയൊക്കെയാണെങ്കിലും, അനുദിനം മുന്നേറിക്കൊണ്ടിരിക്കുന്ന സാങ്കേതിക വികാസങ്ങൾ സമസ്ത മേഖലകളിലും പടർന്നു പന്തലിക്കുമ്പോൾ ‘AI’ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) എന്ന സാങ്കേതികവിദ്യ എഴുത്തുകാർക്ക് ഒരിക്കലും ഒരു ശത്രുവല്ല, മറിച്ച് നല്ലൊരു മിത്രമാണ്. ഇന്ന് പലരും ഭയപ്പെടുന്നത് പോലെ ഒരു ഭീഷണി അതിലില്ല. ഏതൊരു ശാസ്ത്ര കണ്ടുപിടുത്തവും നമ്മൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം. ആണവോർജ്ജം പോലെ തന്നെ, ഇതിനെയും നല്ല കാര്യങ്ങൾക്കും ദുരുപയോഗത്തിനും ഒരുപോലെ ഉപയോഗിക്കാം.
AI-യെ നമ്മുടെ അക്ഷരത്തെറ്റുകൾ തിരുത്താനും വ്യാകരണ പിശകുകൾ പരിഹരിക്കാനും അറിവുകൾ സരസമായി ക്രോഡീകരിക്കാനുമൊക്കെ ഉപയോഗിക്കുന്നതിൽ ഒരു തെറ്റുമില്ല. എന്നാൽ, സ്വന്തമായി ചിന്തിച്ചുണ്ടാക്കേണ്ട കവിതയോ കഥയോ തികച്ചും ഒരു AI നിർമ്മിതിയാക്കി മാറ്റുന്നത് സാഹിത്യ മേഖലയെ മലിനമാക്കുക മാത്രമല്ല, അവരവരിലുള്ള സർഗ്ഗവാസനയെത്തന്നെ തല്ലിക്കടുത്തലാകും ചെയ്യുക.

AI-യെ വെറുമൊരു ‘കൂലി എഴുത്തുകാരനായി’ കാണാതെ, നമ്മുടെ അറിവ് വർദ്ധിപ്പിക്കാനും എഴുത്തുജീവിതത്തിൽ മികച്ചൊരു വഴികാട്ടിയാക്കാനും കൂടെക്കൂട്ടിയാൽ അതൊരു വലിയ മുതൽക്കൂട്ട് തന്നെയാണ്. മാറുന്ന ലോകത്ത്, ആ മാറ്റങ്ങൾക്കൊപ്പം വിവേകത്തോടെ നമുക്കും സഞ്ചരിക്കാം.

By ivayana