രചന : സെറ എലിസബത്ത് ✍️
സ്നേഹത്തിൽ രണ്ടുപേർ പിരിയുമ്പോൾ
അവരുടെ അഭാവങ്ങളല്ല,
അവശേഷിപ്പുകളാണ് കൂടുതൽ ജീവിക്കുന്നത്.
ഒരുമിച്ച് നടന്ന വഴികളിൽ കാലടികൾ മാഞ്ഞുപോകും,
പക്ഷേ ഒരുമിച്ച് കണ്ട സ്വപ്നങ്ങളുടെ നിഴലുകൾ മാഞ്ഞുപോകാറില്ല.
ഒന്നിച്ചായിരുന്ന ദിവസങ്ങളെക്കാൾ
തീവ്രമായി പ്രണയം അപ്പോൾ സംസാരിക്കും—
വാക്കുകളായല്ല, തൊണ്ടയിൽ കുടുങ്ങിയ
ഒരു നിശ്ശബ്ദ നിലവിളിയായ്.
മിഴികളിൽ നിന്ന് പറന്നുയരുന്ന
ഓർമ്മകളുടെ മേഘങ്ങൾ
അകലങ്ങളിലെ ആകാശങ്ങളിൽ
പരസ്പരം തിരിച്ചറിയും.
എന്നാൽ ചില സ്നേഹങ്ങൾക്ക് മഴയാകാനുള്ള വിധിയില്ല.
അവ പെയ്യാതെ, ഹൃദയത്തിന്റെ ചൂടിൽ
നീരാവിയായി അലിഞ്ഞ് അദൃശ്യമായ
ആകാശങ്ങളിലേക്ക് മറഞ്ഞുപോകും.
മുറിവുകൾ ആദ്യം രാത്രിയുടെ നെഞ്ചിൽ
ഉറങ്ങാൻ മറന്ന വേദനകളാകും.
പിന്നെ അവ ഓരോ ശ്വാസത്തിനിടയിലും
നിശ്ശബ്ദമായി ഉപ്പു കലർത്തുന്ന ഓർമ്മകളായി മാറും.
കാലം പതിയെ തന്റെ അദൃശ്യ വിരലുകളാൽ
അവയെ തഴുകിത്തുടങ്ങുമ്പോൾ,
നീറ്റലുകൾ ഇലകളിൽ നിന്ന് മഞ്ഞുതുള്ളികൾ
ഒഴുകിപ്പോകുന്നതുപോലെ മാഞ്ഞുതുടങ്ങും.
ഒടുവിൽ,
ഹൃദയത്തിന്റെ ചുവരുകളിൽ
കരിഞ്ഞുപോയ സ്വപ്നങ്ങളുടെ
പുരാതന ചിത്രലിപികളായി
അവശേഷിക്കും. അവിടെ നിന്ന്
വേദന പതിയെ ചരിത്രമാകും.
അതുവരെ മാത്രം…
അതുവരെ മാത്രമേ ….
നിങ്ങൾക്ക് കരയാൻ അവകാശമുള്ളൂ;
കാരണം ഒരുദിവസം നിങ്ങളെ ചിതറിച്ച
അതേ ഓർമ്മകൾ മുറിവുകളെ വീണ്ടും തുറക്കില്ല.
അവ ഹൃദയഭിത്തികളിൽ കാലം കൊത്തിവെച്ച
ഒരു പ്രകാശചിഹ്നമായി നിശ്ശബ്ദമായി തിളങ്ങും.
അപ്പോൾ നിങ്ങൾ തിരിച്ചറിയും—
ചില പ്രണയങ്ങൾ നമ്മോടൊപ്പം ജീവിക്കാൻ വരുന്നില്ല;
നമ്മളിൽ ഒരിക്കലും മായാത്ത
ഒരു ഋതുവായി അവശേഷിക്കാനാണ് വരുന്നത്….!
