ഇരുണ്ട വഴുവഴുപ്പാർന്ന
തുരങ്കത്തിലൂടെ മുന്നോട്ടും
പിന്നോട്ടും വേഗമാർന്ന്
കുതിക്കുന്ന യ ന്ത്ര ക്കുഴൽ
ആവേഗ പ്രവേഗങ്ങളുടെ
അനന്തയാമത്തിൽ വേഗമാർന്നതും
പിന്നെത്തളർന്നതുമൊരുമിച്ച്
യന്ത്രക്കുഴലിൻ്റെ ശിരോരന്ത്രത്തിലൂടെ
അകലെയുള്ള നനുത്ത ഗോളത്തെ
ലക്ഷ്യമാക്കി ബീജമിസൈലുകൾ
ഓളപ്പരപ്പിലെ വാൽമാക്രികൾ
പോലെ തുടിച്ചു നീന്തി
ലക്ഷ്യം ഒന്നു മാത്രം അനന്ത ചാരു
ഗോളത്തിനകത്ത് കയറിപ്പറ്റുക
അവിടം സ്വർഗ്ഗ മാണെന്നാരോ പറഞ്ഞു
കൂടെക്കുതിക്കുന്നവരെ പിന്നിലാക്കി
ഗോള ഭിത്തി തകർത്തു അകത്തു
കടക്കുന്നവൻ വിജയി
പുതിയയു ഗസൃഷ്ടിയുടെ
പതാക വാഹകൻ
തിരിഞ്ഞു നോക്കരുത് കൂടെ
ക്കുതിക്കുന്നവർ മുന്നിലെത്തിയാൽ
തൻ്റെ ഊഴം നഷ്ടമാകും പിന്നെ
പരാജിതൻ്റെ കണ്ണീരോടെ പുറത്തേയ്ക്ക്
മുന്നേറുക മുന്നിലെത്തുക
അതുമാത്രമാവണം വിജയ മന്ത്രം

നീല കണ്ഠൻ

By ivayana