രചന : മംഗളാനന്ദൻ ✍
വിടചൊല്ലുവാൻ നേര-
മായെന്നതോർമ്മിപ്പിക്കാൻ
ഒടുവിലെന്നെത്തേടി
വരുന്നു സായന്തനം.
മൃത്യുവിൻ ലഹരിയി-
ലുന്മത്തനായ് ഞാൻ തമോ –
ഗർത്തത്തിൽ നിപതിച്ചു
സായൂജ്യമടഞ്ഞേക്കാം.
പുലരി വീണ്ടും വന്നു
തഴുകിവിളിക്കുകിൽ
പുതിയ വിഭാതത്തി-
ലേക്കു ഞാൻ ഉണർന്നേക്കാം.
ഇനിയും കണക്കെടു-
പ്പായില്ല, കൂടിച്ചേർന്നു
നിനവിൽ ജയ-പരാ-
ജയങ്ങൾ കിടക്കുന്നു.
ചരമക്കോളത്തിലെ കുഞ്ഞു
വാർത്തയോടൊപ്പം
ചിരിതൂകീടുന്നൊരു
ചിത്രമായീടാം നാളെ.
അറിയാമിക്കാര്യങ്ങ-
ളെങ്കിലും പരസ്പരം
പറയാറില്ല നമ്മൾ
മൃതിയെക്കുറിച്ചേറെ.
നിത്യവുമുറങ്ങുവാൻ
വിരിക്കും തല്പത്തിന്മേൽ
മൃത്യുവിൻ സമാഗമം
കാത്തിടാറുണ്ടെന്നാലും,
പുലരിവിളിച്ചുണർ-
ത്തീടുമ്പോൾ പതിവായി
പകലിൻ യാഥാർത്ഥ്യങ്ങൾ
തലയിലേറ്റുന്നു ഞാൻ.
പതനമെല്ലാവർക്കു-
മുണ്ടാകാമതുകാത്തു
പതിയെ നടക്കുവാ-
നാകാത്ത നിഷേധി ഞാൻ,
ഒരു കർക്കിടരാവിൽ
തെന്നിവീഴവേ, മൃതി
ഇരതേടുവാനമാ-
വാസിയിലിറങ്ങുന്നു.
മരുന്നു മണക്കുമെൻ
ശയ്യതൻ ചാരെ ചാരി-
യിരുന്നു സഖി, ലോക
വാർത്തകൾ വിളമ്പുന്നു.
മണലാരണ്യത്തിലെ
കള്ളിമുൾചെടികളിൽ
നിണബിന്ദുക്കൾ സൂര്യ-
താപത്താലുണങ്ങുന്നു.
വെടിക്കോപ്പുകൾ വിറ്റു
പണമുണ്ടാക്കാൻ മാത്രം
പടവവെട്ടുവാനുള്ള
പദ്ധതിയുണ്ടാകുന്നു.
വ്യക്തികൾ സാമ്രാജ്യങ്ങ-
ളാകുന്നു , സാമ്രാജ്യത്വ-
ശക്തികൾ ലോകത്തിന്റെ
ഭാവി നിർണ്ണയിക്കുന്നു.
പട്ടിണി പെരുകുന്ന
നമ്മുടെ ലോകത്തിലെ
കുട്ടികൾ വിശപ്പിന്റെ
താപത്തിലുരുകുന്നു.
ഇവിടെ ഞാൻ പാർക്കുന്നൊ-
രീക്കൊച്ചു നാട്ടിൽ പോലും
കപടരാഷ്ട്രീയങ്ങൾ
കച്ചകൾ മുറുക്കുന്നു.
ഓമലാൾ കൈകൊണ്ടെന്റെ
നെറ്റിയിൽ തലോടുമ്പോൾ
ഓർമ്മയിലുണരുന്നു
പ്രണയാതുരകാലം.
ഓമനേ, വയോവൃദ്ധ-
രായൊരീ ഘട്ടത്തിലും
നാമറിഞ്ഞീടുന്നല്ലോ
കാമുകഭാവം ഹൃത്തിൽ.
പ്രണയത്തിനെ കൊല്ലാൻ
വാർദ്ധകം വരുന്നില്ല
മരണം പോലുമേറ്റു-
മുട്ടുവാൻ മടിക്കുന്നു.
നിനയ്ക്കിൽ, ജരാനര
നമ്മളെയലട്ടില്ല,
നമുക്കു വൈരൂപ്യവു-
മാസ്വദിക്കുവാനാകും.
ചുളിഞ്ഞ ചർമ്മത്തിന്റെ-
യുള്ളിലെ യുവതിതൻ
തെളിഞ്ഞ മുഖകാന്തി-
യിപ്പൊഴും കാണുന്നു ഞാൻ.
കുഴിഞ്ഞ മിഴികളിൽ
കവിതയൊളിപ്പിച്ച
പഴയ പോരാളിയിൽ
കാമുകനുണരുന്നു.!!

