ഒരായുസ്സു മുഴുവൻ മക്കൾക്കായി വഴിവിളക്ക് തെളിച്ചിട്ട് ഒടുവിൽ വൃദ്ധസദനങ്ങളിലെ ഇരുളടഞ്ഞ ഇടനാഴികളിലേക്ക് നിശബ്ദം മടങ്ങേണ്ടി വരുന്ന ഒരോ മർത്ത്യ ജന്മത്തിൻ്റെയും
കാത്തിരിപ്പ് …

വഴിവിളക്കായവർ
തെരുവോരത്തായ്
വഴിക്കണ്ണുമായിന്നു
കാത്തിരിക്കുന്നു
വെറുതെയാണെങ്കിലും
ഒരു പിൻവിളിയ്ക്കായ്
നിറകണ്ണുമായിന്നു
കാതോർത്തിരിയ്ക്കുന്നു
എത്ര വസന്തങ്ങൾ
പൂവിട്ടടർന്നു പോയി
എത്ര വിഷുക്കാലം
കണികണ്ടകന്നു പോയി
നീറുംവരൾച്ചകൾ
കനലായെരിഞ്ഞു പോയി
വർഷമേഘങ്ങൾ
കുളിരായൊഴിഞ്ഞു പോയി
ശേഷിപ്പു നെഞ്ചിലൊരു
സ്പന്ദനം പോലിന്നു
മരവിച്ച മനസ്സും
മരിയ്ക്കാതെയോർമ്മയും
വരികില്ലൊരു കാലം
ഇനിയുമീ വഴികളിൽ
വെറുതെ, മോഹിച്ചു
കാത്തിരിക്കുന്നു.
വഴിക്കണ്ണുമായിന്നു
കാത്തിരിയ്ക്കുന്നു…..

ബിജുകുമാർ ആർ

By ivayana

Leave a Reply

Your email address will not be published. Required fields are marked *