എത്ര സംവത്സരം ഹൃത്തുണർത്തീ പ്രിയ-
മാതാപിതാക്കൾ നിൻ മനസ്സാർദ്രമാക്കുവാൻ
ആദിത്യചിന്തയാൽ ഗുരുനാഥരും തഥാ,
ആർദ്ര പാഠങ്ങളുണർത്തിയ പുലരികൾ.
സായന്തനത്തിലാണിന്നവർ സഹനാർദ്ര-
കാലത്തിനരികിൽ ശയിക്കയാണെങ്കിലും
കാതര ഹൃദയങ്ങളിൽ തെളിക്കില്ലെ, നിൻ
സുമഹൃദ്യ സുസ്മിതം കരുണാർദ്ര സാന്ത്വനം ?
ഗുരുവിൻ മഹിത വാക്യങ്ങളുണർത്തിയ-
ന്നാദ്യോദയം; സുദിനമായ് രമ്യ മാനസം
പാദങ്ങളിൽത്തൊട്ടനുഗ്രഹം നേടുവാൻ
പാഠങ്ങളേകിയന്നഭയ മാതൃത്വവും.
ഓർക്കാതെ പോകുവതെങ്ങനാ, നന്മകം;
മാറി നിൽക്കുന്നതെന്തേ സദയ വീക്ഷണം,
തോരാതെ നിന്നതാണാ നയനാർദ്രത;
മറയാതിരിക്കട്ടെ മനസ്സിൻ വിശാലത.
താഴത്തു വയ്ക്കാതുലകിൻ മഹാരത്ന-
മെന്നപോൽ ഹൃത്തിലെടുത്തു വച്ചെങ്കിലും
നെഞ്ചേറ്റി ലാളിച്ച താത ഹൃദയത്തിലായ്
തീനാളമുയരുന്നതറിയില്ലെ നിന്നകം?
വേദനാഹൃദയമായ് മാറുന്നു കാലമേ,
സദയം ക്ഷമിക്കുന്നു കദനത്തിന്നുൾത്തടം
രുധിരംകണക്കെ നിറയുന്നു കണ്ണീർത്തടം
കാരുണ്യമേ,യസഹനീയമാ, മാർത്തടം.
ഹൃത്തുണർത്തും നിലാസ്നേഹ വസന്തവും
ശക്തസാന്നിദ്ധ്യമായ് നിന്ന നന്മാർദ്രരും;
മാതാപിതാക്കൾ, ഗുരുവരർ; ഗ്രാമീണ-
ഹൃത്തിനാൽ മർത്യസംസ്ക്കാരം പകർന്നവർ.
എത്ര വേഗത്തിൽ മറന്നുപോയ് നിന്നകം;
അത്രവേഗത്തിൽ വന്നെത്തുമതേവിധം
കാലം കരുതിവച്ചേക്കുമൊരു ചോദ്യകം
വേദനയെന്തെന്നുണർത്തുമാ, ഹൃത്തടം.
സഹനകാലത്തേയറിഞ്ഞാദരിക്കുവാൻ
ഓർത്തുണർന്നീടുകാ, സ്നേഹോർമ്മയാലകം
കരുണയോടനുദിനം സാന്ത്വനമാകണം;
കരളറിഞ്ഞൊരു നിലാവെന്നപോൽ നിൽക്കണം.

By ivayana

Leave a Reply

Your email address will not be published. Required fields are marked *