രചന : യൂനസ് മണത്തല ✍
മഴയണിഞ്ഞ സന്ധ്യകളിൽ
മറന്നെന്നു കരുതിയ നാളുകൾ
മുല്ലപ്പൂമണം പടർന്ന വഴിയിൽ
മൃദുസ്മിതമായി വിരിഞ്ഞുനിന്നു
കാറ്റിൻ മൃദുല ചിറകിലേറി
കാലം കടന്നുപോയ വഴികളിലൂടെ
കളിചിരിയുടെ നിഴലുകൾ
കുളിരായ് വീണ്ടും എന്നെ തഴുകി
മാവിൻ തണലിൽ കൂട്ടിരുന്ന
മറക്കാത്ത ബാല്യകഥകൾ
മണ്ണിൻ മണവുമായി ചേർന്നുണർന്ന്
മനക്കണ്ണിൽ ചിത്രങ്ങളായി തെളിഞ്ഞു
അണയാത്ത ശബ്ദങ്ങൾ പോലും
ആലിലത്തേരിലേറി സ്വപ്നങ്ങളായ്
അകലങ്ങൾ മറന്ന് മെല്ലെ
അരികിൽ വന്നു നിന്നു
മഴയണിഞ്ഞ സന്ധ്യകളിൽ
മറന്നുപോയ കളിചിരികൾ മിഴിതുറക്കുമ്പോൾ
മാഞ്ഞുപോകാതെ മനസ്സ് ഒഴുകിയെത്തും
മാഞ്ചുവട്ടിലെ പഴയ ഓർമ്മകളിലേക്ക്

