രചന : ഷാനവാസ് അമ്പാട്ട് ✍️
ഉയരങ്ങളിൽ നിന്നുയരങ്ങളിലേക്ക്
ഉയരുകയാണെൻ സ്നേഹം
അകലങ്ങളിൽ നിന്നകലങ്ങളിലേക്ക്
ഒഴുകുകയാണെൻ ദാഹം.
അറിവിനായിട്ടലയുകയാണെൻ
അലകളടങ്ങാത്ത ഹൃദയം
പ്രണയംതേടിപ്പായുകയുകയാണെൻ
പ്രാണൻ നിലയ്ക്കാത്ത മൗനം.
മതിലുകൾ തീർത്ത് മട്ടുപ്പാവിൽ
ഇരുന്നു ചിരിച്ചവരെ
കരളു മുറിച്ച വാക്കുകളാലെൻ
കദനം അളന്നവരെ.
ചിരിക്കുമ്പോഴത് നല്ല നിലാവ്
പറയുമ്പോഴത് പാവം കിനാവ്
അറിയുമ്പോഴത് ആത്മാവിൻ നോവ്
അടങ്ങാത്ത ദുംഖമാണാനിഴൽപാട് .
പതനം കാണുമ്പോഴതിനുള്ളിൽ
തിരയുന്നു
പതിരുകളില്ലാത്ത മോഹങ്ങൾ.
മരണംകാണുമ്പോഴവരറിയുന്നുണ്ടോ
ഇനിയില്ല ദൂരമാം സത്യങ്ങൾ.
അടങ്ങാത്ത മോഹമേ ശമിക്കാത്ത കാമമേ,
മടങ്ങാത്ത കാലമേ അതിരില്ലാ സ്വപ്നമേ
അളവുകളറിയാത്ത അജ്ഞാത ഭാവമേ
അതിരുകൾക്കപ്പുറം മായുന്ന ലോകമേ.
കാത്തിരിപ്പിന്നൊരു കയ്പുണ്ട്
കാണുമ്പോഴതിൽ മധുരമുണ്ട്
കാണാതിരിക്കുമ്പോൾ വ്യസനമുണ്ട്.
കണ്ട് കഴിഞ്ഞാലോ പരിഭവമുണ്ട്
കാത്തിരിക്കാനിനി ആരുണ്ട്
പറയുക കാലമേ പലവുരു നീ..
