എന്റേത് എന്റെതെന്ന് ഞാനലഞ്ഞത്
ആ ദിവസമായിരുന്നു.
പ്രണയത്തിന്റെ വയലിൻ നാദമെന്നപോലെ
ഞാനാസ്വദിച്ചിരുന്ന അയാളുടെ
ഹൃദയമിടിപ്പ് കേൾക്കാവുന്ന
പ്രണയലോകം അവസാനിച്ച ദിവസം.
അന്നത്തെ രാവിനും പകലിനും മേലെ
നീണ്ടുനിന്ന തേനീച്ചയുടെ മുരൾച്ച
ഞങ്ങൾ കെട്ടിപിടിച്ചിരുന്ന തെരുവിലേക്ക് കടന്നു.
ഇരുവരിലുമായ് കുറുകിയ കൊച്ചുക്കുരുവികൾ
ഇനിയാ ലോകത്ത് കാടിലെന്ന് വിളിച്ചുകൂവി
ന്റെ നോവിന്റെ വാതിൽതുറന്ന് പറന്നുപോയി.
അയാൾ ചുംബിച്ച പാടുകളിൽ മദ്യലഹരിയിലെന്നപോലെ
ഞാൻ ഗാഡനിദ്രതേടി.
കണ്ണുകളിൽ കാമുകനെഴുതിയ കവിതയെ
പ്രണയത്തിനു കാവലായ ദൈവദൂതൻ
വഴിച്ചിലവിനായ് യാചിച്ചു.
ഇളകിമറിയുന്ന ഒരു കാറ്റുപോലെ
ആ കവിത വീശിയെറിയപ്പെട്ടു.
അയാൾ കൊഞ്ചിപറഞ്ഞ പ്രണയവാക്കുകൾ
പ്രണയത്തിനടിമപ്പെട്ടു ഉന്മാദത്തിലേക്ക് വീണുപോയ
പെണ്ണുങ്ങളെ പോലെ തലച്ചോറിലെ മുറിയിലിരുന്നു
പിച്ചും പേയും പുലമ്പി.
നിറം കെട്ടൊരു വലയുമായ്
മങ്ങിയവെളിച്ചത്തിലൂടെ
എന്റെ കുടിയിൽ നിന്നും പ്രണയമവസാനിപ്പിച്ചു.
പതിയെ നടന്നുപോയത്
അയാൾ രഹസ്യമായ് കടന്നുവന്ന തിരമാലകളില്ലാത്ത
കടലിലേക്കായിരിക്കും.

By ivayana

Leave a Reply

Your email address will not be published. Required fields are marked *