മെറീനയുടെ മുഖത്തിന്റെ ആകൃതി പലർക്കും ഇഷ്ടമായിരുന്നില്ല.
കുട്ടിക്കാലത്ത്, സ്വന്തം അമ്മപോലും അവളുടെ സാന്നിധ്യം ആശുഭമാണെന്ന് കരുതി ശുഭകാര്യങ്ങളിൽ നിന്ന് അവളെ അകറ്റിനിർത്തി. സഹോദരിമാർ പോലും അവളുടെ അടുത്തുണ്ടെങ്കിൽ നെഗറ്റീവ് എനർജി ലഭിക്കുമെന്നു പറഞ്ഞ് മാറിനിന്നു.
പക്ഷേ അവൾക്ക് ദൈവം പല കഴിവുകളും നൽകിയിരുന്നു. മനോഹരമായി ചിത്രങ്ങൾ വരയ്ക്കുമായിരുന്നു. ഹൃദയത്തെ തൊടുന്ന രീതിയിൽ പാട്ടുപാടുമായിരുന്നു. എന്നാൽ, അവളുടെ ശബ്ദം കേൾക്കാൻ ആരും താല്പര്യം കാണിച്ചില്ല.

സത്യത്തിൽ അവൾ വിരൂപയായിരുന്നില്ല. സ്നേഹമില്ലാത്ത കണ്ണുകളാണ് അവളെ അങ്ങനെ കണ്ടത്.
ജീവിതപങ്കാളിയായി വന്നവനെങ്കിലും തന്നെ മനസ്സിലാക്കുമെന്ന് അവൾ പ്രതീക്ഷിച്ചു. പക്ഷേ അയാളും അവളെ സ്നേഹിച്ചില്ല. അയാൾക്ക്‌ പണം ആയിരുന്നു എല്ലാം.അവളുടെ വീട്ടുകാർ ആവശ്യത്തിന് സമ്പത്ത് നൽകിയില്ലെന്നതായിരുന്നു അവന്റെ വിരോധത്തിന്റെ കാരണം.
ഒരു ദിവസം കോപത്തിൽ അവൻ പറഞ്ഞു:
“നിന്നെ കണ്ടാൽ പിശാചിനെപ്പോലെയാ…”
ആ വാക്കുകൾ അവളുടെ ഹൃദയത്തിൽ ആഴത്തിൽ മുറിവേൽപ്പിച്ചു.

ആ രാത്രി, അവൾ നിശബ്ദമായി ക്രൂശിലെ യേശുവിന്റെ ചിത്രം നോക്കിയിരുന്നു.
“കർത്താവേ, നിന്റെ മുഖത്തും മനുഷ്യർ തുപ്പിയില്ലേ? നിന്നെ പരിഹസിച്ചില്ലേ? എന്നിട്ടും നീ അവരെ സ്നേഹിച്ചില്ലേ?”
മറുപടി പോലെ അവളുടെ ഉള്ളിൽ ഒരു വാക്യം മുഴങ്ങി:
“മനുഷ്യർ കാണുന്നത് പുറംരൂപമാണ്; എന്നാൽ കർത്താവ് നോക്കുന്നത് ഹൃദയത്തെയാണ്.”
അന്ന് മുതൽ അവൾ മറ്റുള്ളവരുടെ കണ്ണാടിയിൽ ക്കൂടി സ്വയം നോക്കുന്നത് നിർത്തി.
സ്വന്തം ചിത്രങ്ങളിലൂടെ അവൾ തന്റെ വേദനയ്ക്ക് നിറം നൽകി. സ്വന്തം ഗാനങ്ങളിലൂടെ മുറിവുകൾക്ക് ആശ്വാസം നൽകി.

ഒരു ദിവസം, അവളെ “പിശാച്” എന്ന് വിളിച്ചവർ പോലും അവളുടെ ചിത്രങ്ങൾക്കു മുന്നിൽ നിൽക്കുകയും, അവളുടെ പാട്ടുകൾ കേട്ട് കണ്ണുനിറക്കുകയും ചെയ്തു.
കാരണം, ദൈവത്തിന്റെ കൈകളാൽ രൂപപ്പെട്ട ഒരു ആത്മാവിനെ മനുഷ്യരുടെ വാക്കുകൾക്ക് ഒരിക്കലും വിരൂപമാക്കാൻ കഴിയില്ല.
“ചില മുഖങ്ങൾ ലോകത്തിന് സൗന്ദര്യമല്ലായിരിക്കാം. പക്ഷേ ദൈവത്തിന്റെ കണ്ണുകളിൽ അവ അമൂല്യമാണ്.” ❤️

By ivayana

Leave a Reply

Your email address will not be published. Required fields are marked *