​കോടതിമുറിയിൽ പബ്ലിക് പ്രോസിക്യൂട്ടർ വിജയലക്ഷ്മി എന്ന മുപ്പത്തിരണ്ടുകാരി പെൺസിംഹമായിരുന്നു. ഇരകളാക്കപ്പെട്ട സ്ത്രീകൾക്കുവേണ്ടി അവൾ വാദിക്കുമ്പോൾ ജ്വലിക്കുന്ന ആ കണ്ണുകൾക്ക് മുന്നിൽ പ്രതിഭാഗം വക്കീലന്മാർ പലപ്പോഴും പതറിപ്പോയിട്ടുണ്ട്. പാവപ്പെട്ടവർക്ക് അവളോട് ആരാധനയും അതേസമയം ഒരു ഭയവുമായിരുന്നു.
​അതിസുന്ദരിയായ അവൾ എന്തുകൊണ്ട് വിവാഹം കഴിച്ചില്ല എന്നത് സഹപ്രവർത്തകർക്കിടയിലെ വലിയൊരു നിഗൂഢതയായിരുന്നു.

പലവിധത്തിലുള്ള അടക്കംപറച്ചിലുകൾ അവളുടെ ചെവിയിലുമെത്താറുണ്ടായിരുന്നു. പക്ഷേ, വിജയലക്ഷ്മിയുടെ ഉള്ളിൽ ആരും കാണാത്ത, ഇരുണ്ട ഒരു ലോകമുണ്ടായിരുന്നു
ആ നഗരത്തിൽ തുടർച്ചയായി യുവാക്കൾ കൊല്ലപ്പെടാൻ തുടങ്ങിയതോടെയാണ്
എസ്പി വിക്രം അന്വേഷണത്തിനായി എത്തുന്നത്. കൊല്ലപ്പെട്ടവരെല്ലാം സ്ത്രീപീഡനക്കേസുകളിൽ പെട്ടിട്ടും നിയമത്തിന്റെ ലൂപ്പ്ഹോളുകളിലൂടെ രക്ഷപ്പെട്ടവരായിരുന്നു.
​അന്വേഷണത്തിന്റെ ഭാഗമായി എസ്പി വിക്രം വിജയലക്ഷ്മിയെ കാണാൻ അവളുടെ ചേംബറിലെത്തി. ആദ്യകൂടിക്കാഴ്ചയിൽത്തന്നെ അവർക്കിടയിൽ നല്ലൊരു സൗഹൃദം ഉടലെടുത്തു. കേസിലെ പുരോഗതികൾ വിക്രം അവളുമായി പങ്കുവെച്ചുകൊണ്ടിരുന്നു.

വിജീ, ഇതൊരു സൈക്കോപാത്ത് ചെയ്യുന്ന കൊലപാതകങ്ങളാണ്,” ഒരു വൈകുന്നേരം കാപ്പി കുടിക്കുന്നതിനിടയിൽ വിക്രം പറഞ്ഞു. “കൊല്ലപ്പെടുന്നതിന് മുൻപ് ആണുങ്ങൾ അതിശക്തമായ ഏതോ ഭയത്തിന് അടിപ്പെടുന്നുണ്ട്. ഹൃദയം നിലച്ചാണ് എല്ലാവരും മരിക്കുന്നത്. ശരീരത്തിൽ മുറിവുകളില്ല, വിഷത്തിന്റെ സാന്നിധ്യവുമില്ല. ഭയം കൊണ്ട് മാത്രം ഒരാൾ എങ്ങനെ മരിക്കും?”
​വിജയലക്ഷ്മി തന്റെ കാപ്പി ഗ്ലാസിലേക്ക് നോക്കി ഒന്നു പുഞ്ചിരിച്ചു. അവളുടെ മനസ്സിൽ ആ സമയം വിക്രം പറഞ്ഞ ‘ഭയം’ എന്ന വാക്ക് പ്രകമ്പനം കൊള്ളിക്കുകയായിരുന്നു. .

അപ്പോഴവരുടെ കണ്ണിലുണ്ടായ തിളക്കം വിക്രമിന്റെ പോലീസ് കണ്ണ് അറിയാതെ ശ്രദ്ധിച്ചു.
​അന്ന് രാത്രി, വിജയലക്ഷ്മി തന്റെ ആഡംബര ഫ്ലാറ്റിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു. കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. ഇടിമിന്നലിന്റെ വെളിച്ചത്തിൽ അവളുടെ മുഖഭാവങ്ങൾ മാറിമറിഞ്ഞു. പെട്ടെന്ന് അവൾ ഇരുപത് വർഷം പുറകോട്ട് സഞ്ചരിച്ചു…
​പന്ത്രണ്ടു വയസ്സുകാരിയായ ഒരു പെൺകുട്ടി… സ്വന്തം വീട്ടിലെ അടച്ചിട്ട മുറിയിൽ, വിശ്വസിക്കേണ്ടവരിൽ നിന്ന് തന്നെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകുന്നു. കരയാൻ പോലുമാകാതെ, ഭയം കൊണ്ട് ശ്വാസം മുട്ടി പിടയുന്ന ആ കുഞ്ഞുന്നാൾ…
ആ… ആഘാതം അവളുടെ മനസ്സിൽ ഒരു മാറാരോഗമായി മാറിയിരുന്നു. പുരുഷന്മാരുടെ സാമീപ്യം പോലും അവളെ ഭയപ്പെടുത്തി. ആ ഭയത്തെ മറികടക്കാൻ അവൾകണ്ടെത്തിയവഴിനിയമപഠന
മായിരുന്നു. മനസ്സിൽ കുറിച്ചിട്ടത് ഒന്ന് മാത്രം: “കുറ്റവാളിക്ക് മാപ്പ് കൊടുക്കില്ല.”
പക്ഷേ, കോടതിയിലും കുറ്റവാളികൾ ചിരിച്ചുകൊണ്ട് ഇറങ്ങിപ്പോകുന്നത് കണ്ടപ്പോൾ, അവളുടെ ഉള്ളിലെ ആ പഴയ കുട്ടി ഉണർന്നു. അവൾ സ്വയം ഒരു വേട്ടക്കാരിയായി മാറി.

താൻ കോടതിയിൽ വാദിച്ചു തോറ്റ, കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ അടുത്ത പ്രതിയുടെ വീട്ടിലേക്ക് വിജയലക്ഷ്മി ആ രാത്രിയിൽ നടന്നു. കോരിച്ചൊരിയുന്ന മഴയത്ത് കറുത്ത റെയിൻകോട്ടിനുള്ളിൽ അവൾ ഒളിപ്പിച്ചിരുന്നത് ഒരു പ്രത്യേകതരം ഇലക്ട്രിക് ഷോക്ക് നൽകുന്ന ഉപകരണവും ഒരു മരുന്നുമായിരുന്നു.
അവൾ ആ മുറിയിലേക്ക് അതിക്രമിച്ചു കയറി. ഒരു സ്ത്രീയെ മുന്നിൽ കണ്ടഅയാൾ ആക്രോശിച്ചുകൊണ്ട് അടുത്തു വന്നതും, വിജയലക്ഷ്മി തന്റെ കൈയിലെ ഉപകരണം അയാളുടെ നെഞ്ചിലേക്ക് അമർത്തിയതും ഒരുമിച്ചായിരുന്നു. ശക്തിയേറിയ വൈദ്യുതാഘാതത്തിൽ അയാൾ തറയിലേക്ക് വീണു.

​കുഞ്ഞുനാളിൽ താൻ അനുഭവിച്ച അതേ ശ്വാസംമുട്ടലും മരണഭയവും അയാളുടെ കണ്ണുകളിൽ വിരിയുന്നത് അവൾ നിശബ്ദമായി ആസ്വദിച്ചു. ഒരു ഭ്രാന്തമായ സംതൃപ്തിയോടെ അവൾ അയാളുടെ ജീവൻ ഒടുങ്ങുന്നത് നോക്കിനിന്നു. അയാളുടെ നാഡീമിടിപ്പ് പൂർണ്ണമായും നിലച്ചു.
​പെട്ടെന്നാണ് മുറിയിലെ ലൈറ്റുകൾ തെളിഞ്ഞത്! വാതിലിൽ വിക്രം നിൽപ്പുണ്ടായിരുന്നു. അവന്റെ കയ്യിൽ തോക്കുണ്ടായിരുന്നു.
​”എനിക്ക് തെറ്റിയില്ല വിജീ…” വിക്രമിന്റെ ശബ്ദത്തിൽ സങ്കടവും ഞെട്ടലുമുണ്ടായിരുന്നു. “കൊല്ലപ്പെട്ടവരുടെയെല്ലാം കേസ് ഫയലുകൾ കൈകാര്യം ചെയ്തത് നീയായിരുന്നു. ഇന്ന് കോടതിയിൽ വെച്ച് ഈ പ്രതി ജാമ്യം നേടിയപ്പോൾ നിന്റെ കൈകൾ വിറയ്ക്കുന്നത് ഞാൻ കണ്ടു.
പ്രോസിക്യൂട്ടറുടെ വിറയലല്ല അത്, ഇരയുടെ വിറയലായിരുന്നു. അതുകൊണ്ടാണ് ഞാൻ നിന്നെ പിന്തുടർന്നത്.”
​വിജയലക്ഷ്മി ഒട്ടും പരിഭ്രമിച്ചില്ല. അവൾ തന്റെ റെയിൻകോട്ട് ഊരി മാറ്റി. അവളുടെ മുഖത്ത് ഒരു വല്ലാത്ത ശാന്തതയുണ്ടായിരുന്നു.

“നീ കരുതുന്നത് പോലെ ഇതൊരു വെറും പ്രതികാരമല്ല വിക്രം,” അവൾ പതുക്കെ പറഞ്ഞു. “ഇതൊരു രോഗമാണ്.
കുഞ്ഞുനാളിൽ എന്റെ ശ്വാസം മുട്ടിച്ച ആ ഭയമില്ലേ… അത് ഓരോ രാത്രിയും എന്നെ വന്ന് വേട്ടയാടും. ഉറങ്ങാൻ കഴിയില്ല. പക്ഷേ, ഇവന്മാരുടെ കണ്ണുകളിൽ ആ ഭയം ഞാൻ കാണുമ്പോൾ… അവർ ശ്വാസം കിട്ടാതെ പിടയുമ്പോൾ… എന്റെ ഉള്ളിലെ ഭയം പതുക്കെ പതറിമാറും. എനിക്ക് സമാധാനം കിട്ടും. എന്നെ നിയമത്തിന് മുന്നിൽ നിർത്തി തോൽപ്പിക്കാൻ ആർക്കും കഴിയില്ല വിക്രം, കാരണം നിയമം പഠിച്ചതേ ഞാൻ ഇതിനു വേണ്ടിയാണ്.”
​മുഖത്ത് പരിഭ്രമത്തിന്റെ ലാഞ്ചന ഒട്ടുമില്ലാതെ, തന്റെ ലക്ഷ്യം പൂർത്തീകരിച്ച സംതൃപ്തിയോടെ അവൾ കൈകൾ വിക്രമിന് നേരെ നീട്ടി. അവളുടെ കണ്ണുകളിൽ ഒരു ഭ്രാന്തമായ തിളക്കമുണ്ടായിരുന്നു.
​പോലീസ് ജീപ്പിന്റെ സൈറൺ ശബ്ദം ആ മഴയത്ത് മുഴങ്ങിക്കേട്ടു. രാത്രിയുടെ കൂരിരുട്ടിനെ കീറിമുറിച്ചുകൊണ്ട് ചുറ്റിലും പോലീസ് വാഹനത്തിന്റെ വെളിച്ചം പകൽ പോലെ തെളിഞ്ഞു. മഴ തോർന്ന പരിസരമാകെ പുതുമണ്ണിന്റെ ഗന്ധം പടർന്നിരുന്നു.

ദിവാകരൻ പി കെ

By ivayana

Leave a Reply

Your email address will not be published. Required fields are marked *