മുറിയിലേക്ക് പോകുമ്പോൾ അച്ഛൻ മരിച്ചു കിടക്കുന്നു. കുലുക്കി വിളിച്ചിട്ടും കണ്ണുകൾ തുറന്നില്ല. പകച്ച് നോക്കിയിട്ടും അനക്കമില്ല. എന്ത് ചെയ്യണമെന്ന് അറിയാതെ വീടിന് പുറത്തേക്ക് ഇറങ്ങി.
തലേനാൾ ഉറങ്ങുന്നത് വരെ യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. കിടക്കാൻ നേരത്ത് പോലും വീടിന്റെ ഓട് മാറ്റുന്ന കാര്യം ചോദിച്ചതാണ്. മുറിയിലും അടുക്കളയിലും ചോർച്ചയുണ്ട്. പണത്തിന്റെ പ്രശ്നം കൊണ്ടല്ല, പണിക്കാരെ കിട്ടാനില്ല. ഈ ആഴ്ചയും കൂടി നോക്കി ആരെയും കിട്ടുന്നില്ലെങ്കിൽ നമുക്ക് തന്നെ മാറ്റാമെന്നും അച്ഛൻ പറഞ്ഞു. ആ മനുഷ്യനാണ് ഇപ്പോൾ അനങ്ങാതെ കിടക്കുന്നത്….

‘മുരളീ…!’
അവന്റെ ഭാര്യയാണ് പുറത്തേക്ക് വന്നത്. മുരളി എഴുന്നേറ്റില്ല പോലും. വിളിക്കാമെന്ന് പറഞ്ഞ് അവൾ അകത്തേക്ക് പോയി. എനിക്ക് വിയർക്കുന്നത് പോലെ…. വിശക്കുന്നത് പോലെ… വീടുള്ള ഭാഗത്തേക്ക്‌ നോക്കാനേ പറ്റുന്നില്ല…
‘നീയെന്താ രാവിലെ തന്നെ…?’
കണ്ണുകൾ തിരുമ്മി മുരളി മുന്നിൽ നിൽക്കുന്നു. എന്റെ ഉത്തരത്തിനായി അവന്റെ ഭാര്യയും കാത്തിരിക്കുകയാണ്. ഒന്നും പറയാൻ പറ്റുന്നില്ല. തൊണ്ട വരളുന്നത് പോലെ…. കുടിക്കാൻ എന്തെങ്കിലും തരുമോയെന്ന് ഞാൻ ചോദിച്ചു. സംശയത്തോടെയാണ് മുരളിയുടെ ഭാര്യ അകത്തേക്ക് പോയത്.

‘എന്താടാ? എന്തുപറ്റി? ‘
“അച്ഛൻ മരിച്ചു….!”
വളരെ സ്വഭാവികമായാണ് പറഞ്ഞത്. മൗനം. തൊടിയിലെ മാങ്കൊമ്പിൽ കരിങ്കാക്കൾ കൊക്കുരുമ്മുന്നുണ്ടോയെന്ന സംശയം. ചിതയെരിയുന്ന ശബ്ദം… മുരളിയുടെ ഭാര്യ കൊണ്ടുവന്ന വെള്ളം ഒറ്റവലിക്ക് കുടിച്ച് ഉമ്മറത്തെ സിമന്റ് തറയിലിരുന്നു. അവന്റെ ഭാര്യയ്ക്ക് ഇപ്പോഴും കാര്യം മനസ്സിലായിട്ടില്ല…
‘മുരളിയേട്ടാ…’
എന്റെ വീട്ടിലേക്ക് വെപ്രാളത്തോടെ നടന്ന് തുടങ്ങിയ തന്റെ ഭർത്താവിനെ അവൾ പിന്തുടർന്നു. ഞാൻ മാത്രമല്ല. അച്ഛന്റെ മരണം അവരും സ്ഥിതീകരിച്ചു. വീടിന് ചുറ്റും ആൾക്കാർ കൂടി. അടക്കം പറച്ചിലുകൾ ഉയർന്നു… ഞാൻ അച്ഛനെ ഓർക്കുകയായിരുന്നു….

‘എന്തായാലും വീടൊക്കെ നന്നാക്കണം. ഇതിന്റെ കൂടെ നിന്റെ കല്ല്യാണം കൂടി…’
മുഴുവിപ്പിക്കാൻ അച്ഛനെ സമ്മതിച്ചില്ല. ഞാൻ സ്വസ്ഥതയോടെ ജീവിക്കുന്നത് നിങ്ങൾക്ക് ഇഷ്ടപ്പെടുന്നില്ലേയെന്ന് ചോദിച്ച് ചിരിച്ചു. നിന്റെ അമ്മയെ പോലെ ഞാനും ഇല്ലാണ്ടായാൽ നീയെന്ത് ചെയ്യുമെന്ന് അച്ഛൻ ചോദിക്കുകയാണ്. അത് അപ്പോഴല്ലേയെന്ന് പറഞ്ഞത് അച്ഛന് ഇഷ്ടപ്പെട്ടില്ല…
ഓർമ്മകളെല്ലാം പെയ്യുകയാണ്. താൻ ഇല്ലാതാകുന്ന കാലത്തെ കുറിച്ച് അച്ഛൻ ചിന്തിച്ച് തുടങ്ങിയിട്ട് നാളുകളായി. ഞാനത് തിരിച്ചറിഞ്ഞില്ലെന്ന് മാത്രം… ഒരു സൂചനയും തരാതെ ആ കണ്ണുകൾ അടഞ്ഞിരിക്കുന്നു. ഉറക്കത്തിൽ നിന്ന് മരണത്തിലേക്ക് വീഴുന്ന അവസ്ഥ ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഭാഗ്യമായിരിക്കും. പക്ഷെ, ചേർന്ന് നിന്നവർ എന്തുചെയ്യും… ഞങ്ങൾക്ക് ഞങ്ങളല്ലേ ഉണ്ടായിരുന്നുള്ളൂ…

ആംബുലൻസ് വരുന്നത് വരെ മുരളിയുടെ വീട്ടിൽ അതേ ഇരുത്തത്തിലായിരുന്നു. അവൻ വന്ന് വിളിച്ചപ്പോൾ കുട്ടിയെ പോലെ എഴുന്നേറ്റു . ചടങ്ങുകളെല്ലാം കഴിയുന്നതുവരെ ആരൊക്കെയോ പറയുന്നത് അനുസരിച്ചു.
അമ്മയുടെ മരണം ഓർമ്മയില്ല. അച്ഛനല്ലാതെ മറ്റൊരു ലോകമുണ്ടെന്ന് ഇന്നേവരെ തോന്നിയിട്ടുമില്ല. ആഗ്രഹിച്ചില്ലെന്ന് പറയുന്നതായിരിക്കും ശരി. ആ മനുഷ്യനും അങ്ങനെ തന്നെയായിരിക്കണം. ഇത്രമാത്രം സ്നേഹം അച്ഛനോടുണ്ടെന്ന് പറയുമ്പോഴും പൊട്ടിക്കരയാൻ പറ്റുന്നില്ല. എന്തുകൊണ്ടായിരിക്കുമത്….

ഈ മരിച്ചവരെല്ലാം ജീവിച്ചിരിക്കുന്നവരെ കുഴപ്പത്തിലാക്കി എങ്ങോട്ടാണ് മായുന്നത്? അങ്ങനെ ജനിച്ചും, മരിച്ചും തീരുന്ന ഈ ലോകത്തിന്റെ പോക്കിത് എവിടേക്കാണ്?
ലളിതമായി ചിന്തിച്ചാൽ ജീവനില്ലാത്തവരെ മണ്ണ് തിന്നും. ആ മണ്ണ് തന്നെയല്ലേ ജീവനാകുന്നതെന്ന് ഓർത്താൽ തല കറങ്ങും. ആ പ്രവർത്തനം… ചിന്തകൾ… അങ്ങനെ സംഭവിച്ച ബന്ധങ്ങൾ… അനുഭവങ്ങൾ… ആഗ്രഹങ്ങൾ…. ഒരാളുടെ കണ്ണടയുമ്പോൾ ഒരു ലോകം അവസാനിക്കുകയാണോ… ആ ഇരുട്ടിൽ ജീവനുള്ളവരെല്ലാം തപ്പിതടയുകയാണോ…?
ഒരുനാൾ ഞാൻ ഇല്ലാതെയും ഭൂമി ഉണരും. അന്ന്… വേണ്ട. അതിനെക്കുറിച്ച് എന്തിന് ചിന്തിക്കണം… ഞാൻ ഇല്ലാത്ത ഇടത്തെപ്പറ്റി എന്തിന് വേവലാതിപ്പെടണം… അതിനെന്ത് പ്രസക്തി… കൊണ്ട ജീവിതവും കണ്ട സ്വപ്നങ്ങളും ആരുടെയെങ്കിലും തലയിൽ പ്രവേശിക്കുമോ…! ഭ്രാന്ത് പിടിക്കുമെന്ന് തോന്നിയപ്പോൾ വീട് വിട്ട് തന്നെ പോകാൻ തോന്നി.
‘എങ്ങോട്ട്…?’

താക്കോൽ ഏൽപ്പിക്കുമ്പോൾ മുരളി ചോദിച്ചതാണ്. തുടർന്ന്, എപ്പോൾ വരുമെന്നും ആരാഞ്ഞു. രണ്ടുചോദ്യങ്ങൾക്കുമായി അറിയില്ലെന്ന മറുപടി കൊടുത്തു. അവൻ നിർബന്ധിച്ചില്ല. ഈ സാഹചര്യത്തിൽ യാത്ര നല്ലതാണെന്നും അഭിപ്രായപ്പെട്ടു. ആ കൈകൾ എന്റെ തോളത്ത് തട്ടുകയാണ്… തണുത്ത കാറ്റടിക്കുന്നു. മുഖത്തേക്ക് നനവ് പൊടിയുന്നു.
‘അല്ല, നമുക്കാ ഓട് മാറ്റണ്ടേ…?’
തിരിഞ്ഞ് നടക്കാൻ തുടങ്ങിയ എന്നോട് മുരളി ചോദിച്ചതാണ്. ഞാൻ പണിക്കാരെ അന്വേഷിച്ച് നടക്കുന്നതൊക്കെ അവന് അറിയാം. അച്ഛനും പറഞ്ഞിട്ടുണ്ടാകും. അതൊക്കെ നീ തന്നെ നോക്കിയാൽ മതിയെന്ന് പറഞ്ഞ് ഇത്തിരി കാശ് കൊടുക്കാൻ തുനിഞ്ഞപ്പോൾ അവൻ മറ്റൊരു കാര്യം കൂടി പറഞ്ഞു.
‘ഇന്ന് തന്നെ പോകണമെന്നുണ്ടോ നിനക്ക്..? ഈ ആഴ്ച പണിക്കാരെ കിട്ടിയില്ലെങ്കിൽ നമുക്ക് തന്നെ മാറ്റാം…’

മുരളിയെ അനുസരിക്കാൻ പാകം മറ്റൊരു അനുബന്ധം കൂടിയുണ്ട്. മറുപടിയായി ചിരിച്ച് തള്ളിയെങ്കിലും കാര്യമുണ്ടെന്ന് തോന്നി. അച്ഛൻ ചിന്തിച്ച് കൂട്ടിയ തരംഗങ്ങളെല്ലാം ഇവിടെ തന്നെയുണ്ടെന്ന് പറയും പോലെ ഞാനത് കേൾക്കുകയാണ്.
‘എന്തായാലും വീടൊക്കെ നന്നാക്കുകയല്ലേ.. ഇതിന്റെ കൂടെ നിന്റെ കല്ല്യാണം കൂടി…’
തോന്നലാണെങ്കിലും ഓർക്കുമ്പോൾ സുഖമുണ്ട്. മരണപ്പെട്ടവരൊക്കെ തങ്ങളുടെ പ്രിയപ്പെട്ടവരിലേക്കെത്താൻ ആരുടെയെങ്കിലും തലയ്ക്ക് ചുറ്റും വട്ടമിടുന്നുണ്ടാകും. മുരളിയിൽ സംഭവിച്ചതുപോലെ തക്കം കിട്ടിയാൽ പറ്റിപ്പിടിച്ചിരിക്കുമായിരിക്കും. അവനത് അറിയാൻ സാധ്യതയില്ല. എന്റെ മേലെയുള്ള അച്ഛന്റെ നിരീക്ഷണം ഇനി ആരിലൂടെയൊക്കെയാണെന്നേ കാണേണ്ടതുള്ളൂ…. ലോകത്തിൽ നിന്ന് യാതൊന്നും ഇല്ലാതാകുന്നില്ലെന്നേ അറിയേണ്ടതുള്ളൂ…

ശ്രീജിത്ത് ഇരവിൽ

By ivayana

Leave a Reply

Your email address will not be published. Required fields are marked *